പേരൂര്‍ക്കട ലോ അക്കാദമിയ്ക്ക് മുന്നിലെ മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി

സമരത്തിന്റെ രൂപം മാറുന്നു. പേരൂര്‍ക്കട ലോ അക്കാദമിയ്ക്ക് മുന്നിലെ മരത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ് ഇയാള്‍. മുഖം മറച്ച എബിവിപി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ പദവി രാജിവെക്കണമെന്നാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.
വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയ എബിവിപി, എഐഎസ്എഫ്, കെഎസ്‌യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ മരത്തിന് കീഴില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. വലിയ പൊലീസ് സന്നാഹവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ പെട്രോളാണെന്നാണ് വിവരം. ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.
വിദ്യാര്‍ത്ഥി സമരം ശക്തമായ പശ്ചാത്തലത്തില്‍ ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്നാണ് നേരത്തെ അക്കാദമി പറഞ്ഞിരുന്നത്. എന്നാല്‍ ക്ലാസ് തുടങ്ങിയാല്‍ ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഷിമിത് എന്ന എ.ബി.വി.പി പ്രവര്‍ത്തകനാണ് അക്കാദമിക്ക് മുന്നിലുള്ള മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുന്നത്. കയ്യില്‍ കയറുമായി മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി ഇപ്പോഴും മരത്തിന് മുകളില്‍ തുടരുകയാണ്. വന്‍ പോലീസ് സന്നാഹവും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ജാതി അധിക്ഷേപം നടത്തിയ ലക്ഷ്മി നായരെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് ലോ അക്കാദമി വളപ്പിലെ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രതിഷേധ പ്രകടനം നടത്തിയിരുന്നത്. സംഘര്‍ഷ ഭരിതമായ അന്തരീക്ഷമാണ് ഇപ്പോള്‍ ലോ അക്കാദമിയില്‍ നിലനില്‍ക്കുന്നത്
https://www.facebook.com/Malayalivartha
























