ജഡ്ജിക്കെതിരായ ആരോപണം; ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാര്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10, 11 തീയതികളില്‍ പാലക്കാട് വെച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ക്കായി ഒരു പഠന ക്ലാസ് നടന്നിരുന്നു. ആ പഠന ക്ലാസില്‍ പങ്കെടുക്കാനായി ബാര്‍ കൗണ്‍സിലിന്റെ ക്ഷണപ്രകാരമാണ് ജഡ്ജി എബ്രഹാം മാത്യു എത്തിയത്. പരിപാടിയില്‍ നെഹ്‌റു കോളേജ് ഉള്‍പ്പെടെ മൂന്ന് കോളേജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.
ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു കോളേജ് അധികൃതരുമായി വ്യക്തിപരമായ ബന്ധമില്ലെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇത്തരത്തിലൊരു അധിക്ഷേപകരമായ ആരോപണം ഉന്നയിച്ചതിന് മഹിജയോട് വിശദീകരണം തേടും. അവരുടെ വിശദീകരണം കേട്ടശേഷം തുടര്‍ നിയമനടപടികള്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറഞ്ഞു.
പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണവിന്റെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു കോളേജ് അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു അവരുടെ ആരോപണം.
ഹൈക്കോടതി ജഡ്ജിയും കോളേജ് അധികാരികളും ഒന്നിച്ചു നില്‍ക്കുന്ന ആറ് ഫോട്ടോകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നു ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha
























