ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു... പ്രിയതമ മരിച്ചതറിയാതെ താലിമാലയും സാരിയുമെല്ലാമെടുത്ത് വിവാഹത്തിന് പുറപ്പെട്ട് ബ്രിജേഷ്; എല്ലാ എതിര്‍പ്പുകളും മറികടന്ന് സ്‌നേഹിച്ച പെണ്ണിനെ കെട്ടാന്‍ പോകുമ്പോള്‍ ഒരു സാമ്രാജ്യം വെട്ടി പിടിക്കുന്നതുപോലെ

കല്യാണരാവിന്റെ കളിചിരികളുയരേണ്ട വീട്ടില്‍ പകരം രാജന്റെ അട്ടഹാസമായിരുന്നു. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. അവസാനം ആതിരയുടെ കൊലപാതകവും.
പ്രിയതമ മരിച്ചതറിയാതെ താലിമാലയും സാരിയുമെല്ലാമെടുത്ത് വിവാഹത്തിന് പുറപ്പെട്ടതാണ് ബ്രിജേഷ്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ താലിചാര്‍ത്താനായിരുന്നു യാത്ര. ഒടുവില്‍ കതിര്‍മണ്ഡപത്തിന് പകരം അവള്‍ കാത്തിരുന്നത് മോര്‍ച്ചറിയില്‍. ജീവന്റെ ജീവനായ അവളുടെ ജീവനറ്റ ശരീരം കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിക്കുമുന്നില്‍ ബ്രിജേഷ് പൊട്ടിക്കരഞ്ഞു.
വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല... ബ്രിജേഷിന്റെ വാക്കുകള്‍ മുറിഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി.) ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുമ്ബ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. അന്നവള്‍ സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള സ്‌നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തര്‍ക്കം രൂക്ഷമായപ്പോള്‍ വിഷയം അരീക്കോട് പോലീസ് സ്‌റ്റേഷനിലും എത്തി. സ്‌റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ കല്യാണം കഴിച്ചുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് രാജന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി. കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തില്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തിയിരുന്നു. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിലാണ് അത് മാറ്റിയതെന്ന് ബ്രിജേഷിന്റെ അമ്മാവന്‍ എ.ടി. രാജന്‍ പറഞ്ഞു.
വെള്ളിയാഴ്ച വിവാഹം നടത്താനായി രാജന്റെ വീട്ടില്‍ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ആതിരയ്ക്ക് കുത്തേറ്റ വാര്‍ത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാന്‍ പോയതായിരുന്നു.
രാത്രി ടി.വിയില്‍ ആതിര കുത്തേറ്റ് മരിച്ച വാര്‍ത്ത വന്നത് ബന്ധുക്കള്‍ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല. വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച ആതിരയുടെ മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു. സഹോദരങ്ങളായ അശ്വിന്‍ രാജ്, അതുല്‍ രാജ്, രാജന്റെ അനുജന്‍ ബാലന്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
പിറ്റേന്നുരാവിലെ നടക്കേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോള്‍ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജന്‍ നെഞ്ചില്‍ കത്തിയിറക്കി. 19ാം വയസ്സില്‍ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടി വരുന്നതായിരുന്നു പ്രശ്‌നം.
https://www.facebook.com/Malayalivartha

























