ചെളി പുരണ്ട് അവശനിലയിലായിരുന്നു... വാഹനമെത്താത്ത സ്ഥലത്ത് കിടന്ന കുട്ടികളെ റോഡ് വരെ ചുമലിലേറ്റി; മദ്യപിച്ച് അബോധാവസ്ഥയില്‍ കിടന്ന നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍

ബ്രഹ്മമംഗലത്തെ പാടവും ചെറുതോടുകളുമുള്ള ചെമ്പാലപ്പാടത്ത് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് 13-നും 16-നും മധ്യേ പ്രായമുള്ള നാലു വിദ്യാര്‍ഥികളെ പ്രദേശവാസികള്‍ കണ്ടത്. ചെളി പുരണ്ട് അവശനിലയിലായിരുന്നു ഇവര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗം റെജി മേച്ചേരി, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. കെ.ടി.തോമസ് എന്നിവര്‍ സ്ഥലത്തെത്തി. മദ്യപിച്ച് അബോധാവസ്ഥയില്‍ കിടന്ന നാലു വിദ്യാര്‍ഥികളെ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
വാഹനമെത്താത്ത സ്ഥലത്ത് കിടന്ന കുട്ടികളെ റോഡ് വരെ ചുമലിലേറ്റിയാണ് വാഹനത്തില്‍ കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ 13-ഉം 15-ഉം വയസുള്ള രണ്ടു വിദ്യാര്‍ഥികള്‍ക്ക് ബോധമില്ലായിരുന്നു. മറ്റു രണ്ടുപേര്‍ അവ്യക്തമായി സംസാരിക്കാന്‍ കഴിയുന്ന നിലയിലായിരുന്നു.
അതീവ ഗുരുതരസ്ഥിതിയിലായിരുന്ന 13-കാരനെ പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് രണ്ടുപേരെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലും മറ്റൊരു കുട്ടിയെ സ്വകാര്യ ആംബുലന്‍സിലുമായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നാലു വിദ്യാര്‍ഥികളും ബന്ധുക്കളാണ്. കൗമാരക്കാരെ അബോധാവസ്ഥയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞ് നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടി.
പതിനെട്ടുകാരനായ സുഹൃത്തിനെകൊണ്ട് ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം വെള്ളം ചേര്‍ക്കാതെ തുടര്‍ച്ചയായി കഴിച്ചതായി വിദ്യാര്‍ഥികളിലൊരാള്‍ പോലീസിന് മൊഴി നല്‍കി. ആശുപത്രിയിലെത്തിച്ച നാലു വിദ്യാര്‍ഥികളെ കൂടാതെ ഒരു വിദ്യാര്‍ഥികൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും ഈ കുട്ടി വീട്ടില്‍ ഉറങ്ങുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് ബ്രഹ്മമംഗത്തെത്തി വിദ്യാര്‍ഥിയെ കണ്ടു. കൂട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഈ വിദ്യാര്‍ഥി മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















