കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം.. നിലവില്‍ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവര്‍ക്ക് പകരം ഭൂമി നല്‍കും

കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള ഉപസമിതിയുടെ ശിപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. നിലവില്‍ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവര്‍ക്ക് പകരം ഭൂമി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തി പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു, എം.എം മണി എന്നിവിരടങ്ങിയ സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്.
ജനവാസമേഖലയെ പൂര്‍ണമായി കുറിഞ്ഞി ഉദ്യാനത്തില്‍ നിന്ന് നീക്കം ചെയ്യും. ഇതിലൂടെ ആകെയുള്ള 3200 ഹെക്ടര്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയും. ഇതിന് പരിഹാരമായി ജനവാസമില്ലാത്ത പ്രദേശങ്ങള്‍ ഉദ്യാനത്തോട് കൂട്ടിചേര്‍ത്ത് പഴയ വിസ്തൃതിയില്‍ എത്തിക്കും. കൂടാതെ, പട്ടയഭൂമിയില്‍ നിന്ന് യൂക്കാലി, ഗ്രാന്റിസ് മരങ്ങള്‍ മുറിക്കാനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഇത്തരം മരങ്ങള്‍ ഭാവിയില്‍ നട്ടുവളര്‍ത്താന്‍ അനുവദിക്കേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ഇടത് എം.പി ജോയിസ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ കൈവശ ഭൂമി അടക്കമുള്ള കൊട്ടക്കമ്പൂര്‍, മേഖല ഉള്‍പ്പെടുന്നതാണ് കുറിഞ്ഞി ഉദ്യാനം. കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58ല്‍ 32 ഏക്കര്‍ സ്ഥലമാണ് എം.പി ഉള്‍പ്പെടെ ഏഴു പേര്‍ക്കുള്ളത്. എം.പി, ഭാര്യ അനൂപ, മാതാവ് മേരി ജോര്‍ജ്, ഇവരുടെ മരുമകന്‍ ഡേവിഡ് ജോബ്, എം.പിയുടെ സഹോദരങ്ങളും ബന്ധുക്കളുമായ ജോര്‍ജി ജോര്‍ജ്, രാജീവ് ജ്യോതിഷ്, മറ്റൊരു സഹോദരന്‍ ജസ്റ്റിന്റെ ഭാര്യ ജിസ് ജസ്റ്റിന്‍ എന്നിവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണ് റദ്ദാക്കിയത്. 1979ലെ രജിസ്റ്ററില്‍ എം.പിയുടേത് സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















