പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മരിച്ചു

കറുകുറ്റി അസ്സീസി നഗര്‍ കപ്പേള തിരുനാള്‍ ആഘോഷത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മരിച്ചു. കറുകുറ്റി പറോക്കാരന്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ ജോയലാണ് (13) മരിച്ചത്. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന ജോയല്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കപ്പേള പെരുന്നാളാഘോഷത്തിന്റെ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ചുമട്ടുതൊഴിലാളി മരിക്കുകയും, വിദ്യാര്‍ഥിയടക്കം നാലു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന മുറിയിലും സമീപത്തും നിലയുറപ്പിച്ചവരാണ് അപകടത്തിനിരയായത്.
അങ്കമാലി കറുകുറ്റി മാമ്പ്ര സെന്റ് ജോസഫ്‌സ് പള്ളിയുടെ കീഴിലെ അസീസി നഗര്‍ കപ്പേള പള്ളിയിലായിരുന്നു സംഭവം. കറുകുറ്റി റെയില്‍വേ കവലയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി മാമ്പ്ര മുല്ലപ്പറമ്പന്‍ വീട്ടില്‍ സാജുവിന്റെ മകന്‍ സൈമണാണ്(24) മരിച്ച ചുമട്ടുതൊഴിലാളി. അസീസി നഗര്‍ സ്വദേശികളായ പൈനാടത്ത് ജസ്റ്റിന്‍ ജയിംസ് (13), പറമ്പി വീട്ടില്‍ നെല്‍ജോ പൗലോസ് (32), പറോക്കാരന്‍ ജെഫിന്‍ ജോസ്(30) എന്നിവര്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ജോയല്‍ എടക്കുന്ന് നൈപുണ്യ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പള്ളിയില്‍നിന്ന് 50 മീറ്ററോളം അകലെയുള്ള അസീസി ക്ലബിലായിരുന്നു വന്‍ പടക്കശേഖരം സൂക്ഷിച്ചിരുന്നത്. കത്തിക്കാനായി സൈമണാണ് മുറിയില്‍നിന്ന് പടക്കം എടുത്ത് കൊടുത്തിരുന്നത്. പടക്കം കൈമാറുന്നവരായിരുന്നു പൊള്ളലേറ്റവര്‍.
പ്രദക്ഷിണ വഴിയിലിട്ട് നിരനിരയായി കത്തിച്ചുകൊണ്ടിരുന്ന പടക്കം അബദ്ധവശാല്‍ തെന്നിത്തെറിച്ച് പടക്കശേഖരത്തില്‍ വീണാണ് സ്‌ഫോടനമുണ്ടായത്. അഗ്‌നിഗോളംപോലെ കത്തിയുയര്‍ന്ന പടക്കശേഖരത്തിനുള്ളില്‍ അകപ്പെട്ട സൈമണിനെയും മറ്റുള്ളവരെയും നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തിരുന്നത്.
https://www.facebook.com/Malayalivartha






















