ഒടുവില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞു: മനുഷ്യാവകാശ കമ്മീഷന്‍ ആ പണിയെടുത്താല്‍ മതി, മാന്യമായി പെരുമാറണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ചില പൊലീസുകാര്‍ക്ക് അതിനാവുന്നില്ല, വിദേശവനിതയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ല

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലെ അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. അന്വേഷണം ഫലപ്രദമല്ലെന്ന ചെയര്‍മാന്റെ നിലപാട് അപക്വമാണ്. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍രാഷ്ട്രീയ നിലപാടുകള്‍ വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആരോപിച്ചിരുന്നു.
സംഭവിക്കാന്‍ പാടില്ലാത്തതാണ് വാരാപ്പുഴയില്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ യാതൊരു കാരണവശാലും അനുവദിക്കില്ല. കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ കര്‍ക്കശമായി നേരിടും. വരാപ്പുഴ കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് മാന്യമായി പെരുമാറണമെന്ന് ആവര്‍ത്തിച്ചിട്ടും ചിലര്‍ക്ക്തിന് ആവുന്നില്ല.
വാരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സി.ഐ അടക്കം അഞ്ച് പേര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശ വനിതയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ വന്നിരുന്നെങ്കിലും താന്‍ സ്ഥലത്തില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുണ്ട്. മറിച്ചുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ല. വിദേശവനിത മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















