ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി

ഒടുവില്‍ കെഎസ്‌ആര്‍ടിസി ബസ്സിന്റെ ആ 'ചങ്ക് പെൺകുട്ടിയെ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ റോസ്മിയാണ് ആ പെണ്‍കുട്ടി. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആര്‍എസ്സി 140 വേണാട് ബസ്സിനെ 'സ്ഥലംമാറ്റി' കണ്ണൂര്‍ ഡിപ്പോയിലേക്ക് മാറ്റിയപ്പോൾ അതിൽ സങ്കടപ്പെട്ട് യാത്രക്കാര്‍ക്ക് വേണ്ടി റോസ്മി കെഎസ്‌ആര്‍ടിസിയിലേക്ക് നടത്തിയ ഫോണ്‍വിളി വൈറലായിരുന്നു.
അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് അതിനെ ആലുവയിലേക്കു കൊണ്ടുപോയതെന്നും ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ എന്നും ചോദിച്ചായിരുന്നു ഫോൺവിളി. തുടര്‍ന്ന് ബസ് തിരികെ ഈരാറ്റുപേട്ടയിലേക്ക് തന്നെ നല്‍കാനും ബസ്സിന് ചങ്ക് എന്ന് പേര് നല്‍കാനും കെഎസ്‌ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. ഇതോടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു കെഎസ്‌ആര്‍ടിസി ബസ്സിന് പേരിടുകയും ചെയ്തു.
ഫോണ്‍വിളി പ്രചരിച്ചപ്പോഴും ഇതിനു പിന്നിലെ ശബ്ദം ആരുടേതാണെന്ന കണ്ടെത്തലിലായിരുന്നു അധികാരികൾ. ഒടുവിൽ റോസ്മിയെ കണ്ടെത്തി തച്ചങ്കരി തലസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ന് രാവിലെ കെഎസ്‌ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ച റോസ്മിക്ക് അഭിനന്ദനക്കത്ത് കൈമാറി. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിക്കൊപ്പം ആണ് റോസ്മി എത്തിയത്. കെഎസ്‌ആര്‍ടിസിയുടെ വലിയ ആരാധികയാണ് താനെന്നും സ്ഥിരം സഞ്ചരിക്കുന്ന ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി പ്രതികരിച്ചു. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ഇക്കാര്യം കൂട്ടുകാരിയോട് പറഞ്ഞതോടെ ഫോണ്‍ചെയ്ത് ചോദിക്കാന്‍ പറയുകയായിരുന്നു. ഈ ഓഡിയോ വൈറലാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും റോസ്മി പറയുന്നു.
ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ RSC 140 എന്ന ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയത്. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റോസ്മി നേരെ ഡിപ്പോയിലേക്ക് വിളിച്ചു തങ്ങള്‍ സ്ഥിരമായി യാത്രചെയ്തുകൊണ്ടിരുന്ന RSC 140 എന്ന ബസ്സിനോടുള്ള സ്‌നേഹവും അടുപ്പവും എല്ലാം ഫോണിലൂടെ വിവരിച്ചു. ഫോണെടുത്ത ജീവനക്കാരനാകട്ടെ ഇതെല്ലാം കേട്ട് അന്തിച്ചു പോകുകയും ചെയ്തു. ആദ്യം ആരോ കബളിപ്പിക്കാന്‍ വിളിക്കുകയാണ് എന്ന് തോന്നിയെങ്കിലും പിന്നീടുള്ള സംസാരത്തില്‍ നിന്നും ഇത് ശരിക്കുള്ളതാണ് എന്ന് ജീവനക്കാരന് മനസ്സിലായി.
ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ എന്നൊക്കെയുള്ള വിഷമം നിറഞ്ഞ വാക്കുകള്‍ കേട്ട് ഫോണെടുത്ത ജീവനക്കാരന്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. മാറി വന്ന പുതിയ ബസ് ഞങ്ങള്‍ക്ക് വേണ്ടയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. എംഡിക്ക് പരാതി നല്‍കാന്‍ നിര്‍ദ്ധേശിച്ച് ജീവനക്കാരന്‍ ഒടുവില്‍ ഫോണ്‍വയ്ക്കുകയായിരുന്നു. ഈ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ ഫേസ്‌ബുക്കില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെണ്‍കുട്ടി പേരു പറഞ്ഞിരുന്നില്ല. ഡിഗ്രി വിദ്യാര്‍ത്ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങള്‍ കുറേ പേരുണ്ട് എന്നിങ്ങനെയെല്ലാം പെണ്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. എംഡിക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നല്‍കാനുമായിരുന്നു ജോണി മറുപടി നല്‍കിയത്. ഇതോടെയാണ് വിഷയം ചര്‍ച്ചയായതും തച്ചങ്കരി വിഷയത്തില്‍ ഇടപെടുന്നതും. ഏതായാലും ചങ്ക് ബസ്സിനെ സ്‌നേഹിച്ച പെണ്‍കുട്ടിയെ കണ്ടെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തച്ചങ്കരി ഇപ്പോള്‍.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha






















