പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ഇന്നസെന്റ് പുസ്തകമാക്കുന്നു; പ്രകാശനം തെരഞ്ഞെടുപ്പിന് മുമ്പ്, താരം വീണ്ടും മല്‍സരിക്കുമോ? സി.പി.എം തീരുമാനത്തില്‍ മാറ്റമില്ല, എന്നാല്‍ ഇന്നസെന്റ് ഇതുവരെ മനസ് തുറന്നിട്ടില്ല

പണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നെങ്കിലും രാഷ്ട്രീയം മതിയാക്കിയാണ് ഇന്നസെന്റ് സിനിമയിലെത്തിയത്. സിനിമയില്‍ വിജയിച്ചതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് താരസംഘടനയുടെ പ്രസിഡന്റ് ആകണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണയായി ആ സ്ഥാനത്ത് തുടരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി തുടരില്ലെന്ന് താരം പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും എംപിയായി മല്‍സരിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും തരുന്നില്ലതാനും.
ഇന്നസെന്റിനെ വീണ്ടും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മമ്മൂട്ടിയാണ്. ചാലക്കുടിയില്‍ ഇന്നസെന്റിനെ മല്‍സരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മമ്മൂട്ടിയെ അറിയിച്ചു. തുടര്‍ന്ന് മമ്മൂട്ടി ഇന്നസെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയെയാണ് താരം മുട്ടുകുത്തിച്ചത്. പാര്‍ലമെന്റിലെത്തിയ ഇന്നസെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ ചിരിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പല എം.പിമാരെയും ഇന്നസെന്റ് ചിരിപ്പിക്കുകയാണ്. ഭാഷ അറിയാത്തവരെ പോലും ചിരിപ്പിക്കുന്ന എം.പി കാന്‍സര്‍ അടക്കമുള്ള ഗുരുതരമായ രോഗങ്ങളുടെ മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഗൗരവമേറിയ പ്രസംഗവും നടത്തി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷം കൂടിയുണ്ടെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിയിട്ടുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിന് അനുകൂലമായ തരംഗമാണ് ഉള്ളതെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. അതേസമയം രോഗം സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മറ്റും കാരണം താരം മല്‍സരരംഗത്ത് ഉണ്ടാവുമോ എന്നും പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ഇതേക്കുറിച്ച് ഇതുവരെ ഇന്നസെന്റ് മനസ് തുറന്നിട്ടില്ല. ഇന്നസെന്റ് വീണ്ടും മല്‍സരിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. വിശ്രമവും മറ്റ് തിരക്കുകളും കാരണം പല സിനിമകളും ഇന്നസെന്റ് ഒഴിവാക്കുകയാണ്. സത്യന്‍ അന്തിക്കാടിനെ പോലെ വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമേ ഡേറ്റ് നല്‍കുന്നുള്ളൂ.
പാര്‍ലമെന്റില്‍ നിന്ന് ഒരുപാട് അനുഭവങ്ങള്‍ ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. അതിലെ പല കഥകളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. അതെല്ലാം പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പുസ്തകം പ്രകാശനം ചെയ്യും. പാര്‍ലമെന്റില്‍ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും എന്നാണ് പുസ്തകത്തിന്റെ പേര്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എം.പി വടിവൊത്ത ഖദര്‍ വേഷത്തിലാണ് എന്നും പാര്‍ലമെന്റില്‍ എത്തുക. പലതവണ ഇത് ശ്രദ്ധിച്ച ഇന്നസെന്റ് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങള്‍ ഇസ്തിരിയിട്ട ശേഷമാണോ ഉടുപ്പിടുന്നത് അതോ ഷര്‍ട്ടിനകത്ത് കയറിനിന്ന ശേഷം ഇസ്തിരിയിടുകയാണോ?
ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞൂഞ്ഞ് കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് പോയപ്പോള്‍ സംഘടകര്‍ പറഞ്ഞു ശശിതരൂരിന്റെ ഒരു പുസ്തകം കൂടി പ്രകാശനം ചെയ്യണം. ഇന്നസെന്റിന് ശശി തരൂരിനെ കുറിച്ച് ഒന്നും അറിയില്ല. അവിടെയിരുന്ന് സത്യന്‍ അന്തിക്കാടിനെ വിളിച്ചു, അദ്ദേഹം തരൂരിനെ കുറിച്ച് വ്യക്തമായി പറഞ്ഞ് കൊടുത്തു. അത് വെച്ച് ഇന്നസെന്റ് ഒരു കാച്ച് കാച്ചി. മുക്കാല്‍ മണിക്കൂറോളം തരൂരിനെ കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചും സംസാരിച്ചു. ശശി തരൂര്‍ ചെറിപ്പകാലത്ത് ചിത്രകാരനായിരുന്നെന്നും അദ്ദേഹത്തിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ ഏറെ ശ്രദ്ധേയമാണെന്നും പറഞ്ഞു. മഹാഭാരത്തെ ആസ്പദമാക്കി എഴുതിയ നോവലിലെ കഥാപാത്രങ്ങളെ കുറിച്ച് വരെ വിവരിച്ചു. അതെല്ലാം കേട്ട് തരൂര്‍ ആഹഌദിച്ചു. പ്രസംഗം തീര്‍ന്നയുടന്‍ തരൂര്‍ ഇന്നസെന്റിന്റെ അടുത്ത് വന്ന് കൈ കൊടുത്തു. എന്നിട്ട് ചോദിച്ചു ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ സീരിയസായി വായിച്ചിട്ടുണ്ടല്ലേ? ഇല്ല, അതെന്നല്ല താങ്കളെഴുതിയ ഒന്നും വായിച്ചിട്ടില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അന്തംവിട്ട തരൂര്‍ ചോദിച്ചു അപ്പോ പിന്നെ പ്രസംഗിച്ചതോ? അത് ആ സത്യനന്തിക്കാട് ഫോണിലൂടെ പറഞ്ഞ് തന്നത് വെച്ച് ഞാനൊരു കാച്ച് കാച്ചിയതാ... ഇന്നസെന്റിന്റെ തുടയില്‍ അടിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു: ജീവിതത്തിലൊരിക്കലും തന്നെ ഞാന്‍ മറക്കില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നസെന്റ് എം.പിയായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ശശിതരൂരിനെ കണ്ടു. ' ഇവിടെയും എത്തിയല്ലേ' ചിരിച്ചുകൊണ്ട് തരൂര്‍ ചോദിച്ചു. ഇങ്ങിനെയുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ പുസ്തകത്തിലുണ്ട്.
https://www.facebook.com/Malayalivartha






















