ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മലയാളികളായ 2 കരസേനാംഗങ്ങള്‍ക്ക് പരുക്ക്, ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കരസേനാ ഓഫിസറടക്കം 4 സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 3 പാക്ക് ഭീകരരെ സുരക്ഷാ സേന വധിച്ചു.ഒരു ഓഫിസര്‍ക്ക് പുറമേ കരസേനയിലെ 2 ജവാന്‍മാരും ബിഎസ്എഫ് കോണ്‍സ്റ്റബിളുമാണ് വീരമൃത്യു വരിച്ചത്. മലയാളികളായ 2 കരസേനാംഗങ്ങള്‍ക്കു പരുക്കുണ്ട്. മലപ്പുറം വണ്ടൂര്‍ കാരാട് സ്വദേശി സി.വി.അഖില്‍ (24), തിരുവനന്തപുരം സ്വദേശി അഖില്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭീകരര്‍ക്കെതിരെ ഏപ്രിലിനു ശേഷം നിയന്ത്രണരേഖയില്‍ നടക്കുന്ന ഏറ്റവും വലിയ സേനാ നടപടിയാണിത്. കടന്നുകളഞ്ഞതായി സംശയിക്കുന്ന 2 ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് കുപ്വാരയിലെ മചില്‍ സെക്ടറിലെ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ബിഎസ്എഫ് വധിച്ചു. ഗുരുതരമായി പരുക്കേറ്റ കോണ്‍സ്റ്റബിള്‍ സുദീപ് സര്‍ക്കാരിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരസേനയ്ക്ക് വിവരം ലഭിച്ച് അവര്‍ കൂടി എത്തിയശേഷം പുലര്‍ച്ചെ 4 വരെ നീണ്ട ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഒന്നര കിലോമീറ്ററകലെ രാവിലെ പത്തരയോടെ കൂടുതല്‍ ഭീകരരെ കണ്ടെത്തി. അവിടെയുണ്ടായ ഏറ്റുമുട്ടലിലാണ് 3 കരസേനാംഗങ്ങള്‍ വീരമൃത്യു വരിച്ചത്. ഒരു ഭീകരനെ സേന വധിച്ചു.
പരമാവധി ഭീകരരെ മഞ്ഞുവീഴ്ച തുടങ്ങും മുന്‍പ് കശ്മീരിലേക്ക് കടത്താനാണ് പാക്ക് ശ്രമം. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ കടത്തിവിടാനായി അതിര്‍ത്തിയിലുടനീളം പാക്ക് സേനയുടെ ഷെല്ലാക്രമണം തുടരുകയാണ്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























