പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി 12 ലോക് സഭാ സീറ്റുകള്‍ പിടിച്ച സാഹചര്യത്തില്‍ ഇക്കുറി ബംഗാളില്‍ ഭരണം പിടിക്കാനുള്ള സാധ്യ തീരെ എഴുതി തള്ളാനാവില്ല. ഉറപ്പായും കേവല ഭൂരിപക്ഷത്തോടെ ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്.തീ പാറുന്ന പോരാട്ടമാണ് ഇത്തവണ തൃണമൂല്‍-ബിജെപി തമ്മില്‍ അരങ്ങേറുന്നത്. ബംഗാളില്‍ ഒന്നാം ഘട്ട പോളിംഗ് 23ന് പൂര്‍ത്തിയായി. അടുത്ത ഘട്ടം പോളിംഗ് 29ന് നടക്കാനിരിക്കെ ബംഗാള്‍ വിധിയെഴുത്ത് ഏറെ നിര്‍ണമായകമായിരിക്കും.
നാലാം ഭരണ തുടര്‍ച്ചയ്ക്കായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ ഭരണം പിടിച്ചടക്കാന്‍ ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. വീടുകളില്‍ റേഷന്‍ ധാന്യങ്ങള്‍ നേരിട്ടെത്തിച്ച് ജനക്ഷേമം നടപ്പാക്കിയ മമത സമാനമായ രീതിയില്‍ വീടുകളില്‍ ചികിത്സാ സംവിധാനം എത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നുമാണ മമതയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പറയുന്നത്.ഭരണം കിട്ടിയാല്‍ ബംഗാളില്‍ പുതിയ ഏഴു ജില്ലകള്‍കൂടി രൂപീകരിക്കും. ക്ഷേമപെന്‍ഷനുകളില്‍ വര്‍ധന, എല്ലാവര്‍ക്കും വീട് തുടങ്ങിയവയും ഉറപ്പുനല്‍കുന്നു.
വോട്ടര്‍ പട്ടികയില്‍ വലിയ വെട്ടിക്കുറവ് വരുത്തിയത് മമതക്കു നഷ്ടമുണ്ടാക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. 7.66 കോടി വോട്ടര്‍മാരുണ്ടായിരുന്ന ബംഗാളില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളത് 7.04 കോടി മാത്രമായി. എട്ടു ശതമാനത്തിന്റെ ഈ കുറവ് തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം തകര്‍ക്കാന്‍ ഇടയാക്കുമോ എന്നതാണ് ചോദ്യം.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണവീഴ്ചകളോ അഴിമതിയോ തൊഴിലില്ലായ്മയോ പ്രചാരണ വിഷയമാക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ല. ക്ഷേമപെന്‍ഷനുകള്‍, സൗജന്യ റേഷന്‍, സൗജന്യ യാത്ര, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങി തൃണമൂല്‍ നടപ്പാക്കിയ ക്ഷേപദ്ധതികള്‍ എല്ലാ സമുദായങ്ങളുടെയും
വിഭാഗക്കാരുടെയും പിന്‍തുണ ഉറപ്പാക്കാന്‍ സജ്ജമാണ്. അതേ സമയം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും അവര്‍ അനധികൃത പൗരത്വം നേടുന്നതുമായ കാര്യങ്ങളില്‍ ജാതീയത ഉയര്‍ത്തി ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ശ്രമം.2016 മുതല്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് ബംഗാളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മുസ്ലീം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍പോലും സ്വാധീനമുണ്ടാക്കാനോ സീറ്റുകള്‍ നേടാനോ സാധിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും മുസ്ലീംങ്ങളാണ്. സംസ്ഥാനത്തെ 294 അസംബ്‌ളി മണ്ഡലങ്ങളില്‍ 80 സീറ്റുകളില്‍ മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃണമൂല്‍ സാമുദായിക മാനദണ്ഡം കൃത്യമായി പാലിച്ചാണ് 291 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.ബംഗാളില്‍ അടിത്തറയിളകിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും കാര്യമായ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തുന്നില്ല. മുന്‍ഷിദാബാദ്, മാല്‍ഡ പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ഇടതുപാര്‍ട്ടികളോടും ഭിന്നിച്ചു നില്‍ക്കുന്ന വോട്ടര്‍മാരില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. പരമാവധി ബംഗാളില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത് മുന്നു മണ്ഡലങ്ങളില്‍ മാത്രമാണ്.
മൂന്നു പതിറ്റാണ്ടിലേറെ തുടര്‍ഭരണം നടത്തിയ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാന്‍ സാധ്യതയും സാഹചര്യവുമില്ല. കോല്‍ക്കത്ത നഗരത്തോടു ചേര്‍ന്ന ഭവാനിപ്പൂരിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്നത്. മമതയെ നേരിടുന്നതാകട്ടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2021ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുകളും ബിജെപിക്ക് 38 ശതമാനം വോട്ടുകളുമാണ് ബംഗാളില്‍ നേടാനായത്.ദീദിയുടെ കാല്‍ക്കീഴിലെ മണ്ണിളകുമോ എന്നറിയാന്‍ ബിജെപി ഭവാനിപ്പൂരില്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ പോരിനിറക്കിയിരിക്കുന്നു. മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദുവിനെ ബിജെപി 2020ല്‍ അവരുടെ പാളയത്തിലെത്തിച്ചതാണ്.
മമതയെപ്പോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സുവേന്ദുവിന്റെയും തുടക്കം. കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ സുവേന്ദു നന്ദിഗ്രാം പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് മമതയ്‌ക്കൊപ്പം നന്ദിഗ്രാമില്‍ നിന്ന് എംഎല്‍എയും മന്ത്രിയുമായി.കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റെ മുന്‍പ് വിജയിച്ചിട്ടുള്ള ഭവാനിപ്പൂര്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2021ല്‍ സുവേന്ദുവിനെതിരെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ നന്ദിഗ്രാമില്‍ മത്സരിച്ച് എണ്ണായിരം വോട്ടുകള്‍ക്ക് മമത പരാജയം ഏറ്റുവാങ്ങിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരി ഭരണം പിടിച്ചെങ്കിലും നേതാവ് തോറ്റു.
2021ല്‍ ഭവാനിപ്പൂരില്‍ 28,719 വോട്ടുകള്‍ക്ക് വിജയിച്ച തൃണമൂലിലെ ശോഭന്ദ്‌ദേബ് ചതോപാധ്യായയെ രാജിവയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മുഖ്യമന്ത്രി സ്ഥാനം തുടര്‍ന്നത്. 2021ലെ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂരില്‍ മമത വിജയിച്ചത് 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2011, 2016 തെരഞ്ഞെടുപ്പുകളിലും ദീദിയുടെ വിജയം ഇവിടെ നിന്നായിരുന്നു.
https://www.facebook.com/Malayalivartha





















