നഴ്‌സിങ് പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപരീക്ഷ വരുന്നു

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിനു പകരം രൂപീകരിക്കുന്ന നാഷനല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കമ്മിഷന്റെ കരടുനയത്തില്‍ നഴ്‌സിങ് പ്രവേശനത്തിനു ദേശീയതലത്തില്‍ പൊതുപരീക്ഷ നിര്‍ദ്ദേശിക്കുന്നു. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനും പൊതുപരീക്ഷ (എക്‌സിറ്റ് എക്‌സാം) ജയിക്കണം.
നഴ്‌സിങ് പഠനസ്ഥാപനങ്ങളുടെ നടത്തിപ്പ്, അക്കാദമിക് നിലവാരം എന്നിവയെല്ലാം ഉറപ്പാക്കുന്ന നാഷനല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കമ്മിഷനു കീഴില്‍ 4 ബോര്‍ഡുകളുണ്ടാകും. ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് യുജി, പിജി എജ്യുക്കേഷന്‍ ബോര്‍ഡുകള്‍ രൂപീകരിക്കും. സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെ വിഷയങ്ങള്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് കൈകാര്യം ചെയ്യും. നഴ്‌സുമാരുടെ റജിസ്‌ട്രേഷന് എത്തിക്‌സ് ആന്‍ഡ് റജിസ്‌ട്രേഷന്‍ ബോര്‍ഡ് വരും.
മറ്റു നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്... ഓരോ സംസ്ഥാനത്തും പ്രത്യേകം കമ്മിഷന്‍ ഉണ്ടായിരിക്കും. ദേശീയ കമ്മിഷനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉപദേശക സമിതി. നഴ്‌സുമാര്‍ക്ക് പൊതു റജിസ്‌ട്രേഷന്‍ സംവിധാനം. നിലവില്‍ നഴ്‌സിങ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ പുതിയ റജിസ്‌ട്രേഷനിലും ഉള്‍പ്പെടും. കമ്മിഷന്‍ പ്രാബല്യത്തില്‍ വന്ന് 3 വര്‍ഷത്തിനുള്ളില്‍ പൊതുപ്രവേശനപരീക്ഷ; 5 വര്‍ഷത്തിനുള്ളില്‍ എക്‌സിറ്റ് പരീക്ഷയും. വിദേശരാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ഇന്ത്യയില്‍ പരിശീലനം നടത്താന്‍ എക്‌സിറ്റ് പരീക്ഷ വിജയിക്കണം.
ഡിസംബര്‍ 6 വരെ കരടുനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ nnmcbill-mohfw@nic.in എന്ന വിലാസത്തില്‍ അറിയിക്കാം. കരടിന് അന്തിമരൂപം നല്‍കി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha
























