കേന്ദ്രസർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മമത ബാനര്‍ജി; സംസ്ഥാന ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് തൃണമൂല്‍ സര്‍ക്കാര്‍

കേന്ദ്രത്തിനെതിരെ തുറന്നപോരിന് വീണ്ടും മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് തൃണമൂല്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. നഡ്ഡയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അല്പാന് ബന്ദോപാധ്യായ കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞു. സുരക്ഷയ്ക്കായി തങ്ങള്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ബംഗാള്‍ പോലീസ് നഡ്ഡയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാറും പൈലറ്റ് വാഹനവും നല്‍കിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയ്ക്കു പുറമെയാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും ചീഫ് സെക്രട്ടറി കത്തില്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha























