103 കിലോ സ്വര്‍ണം മുക്കി സി.ബി.ഐ; കൈയോടെ പൊക്കി കോടതി; സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്ന് കോടതി; സി.ബി.ഐയുടെ സ്വര്‍ണം മുക്കല്‍ അന്വേഷിക്കുന്നത് തമിഴ്‌നാട് പോലീസ്; അളവ് ചുരുങ്ങിയ സ്വര്‍ണക്കേസിന്റെ കഥ ഇങ്ങനെ

ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സ്വാധീനത്തിലാണെങ്കിലും രാജ്യത്ത് ഏറ്റവും വിശ്വാസിക്കാവുന്ന അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. എന്നാല്‍ ഈ സി.ബി.ഐയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനം ഇന്ന് രാജ്യം ചര്‍ച്ചചെയ്യുകയാണ്. അതും പോലീസ് ചെയ്യുന്നത് പോലെ തൊണ്ടി മുതല്‍ മുക്കിയതിനാണെന്നുള്ളത് സി.ബി.ഐക്ക് വരുത്തിവച്ച അപമാനം ചെറുതല്ല. സിബിഐ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായ സംഭവത്തിലാണ് വിമര്‍ശനം. ഈ സംഭവം തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന സിബി.ഐ അഭിഭാഷകന്റെ വാദം. ഇതിനോടാണ് കോടതിയുടെ പ്രതികരണം. സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പോലീസിന് വാല്‍ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു.
2012 ല്‍ സുരാന കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസില്‍ നിന്ന് സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്ത 400.47 കിലോഗ്രാം സ്വര്‍ണത്തില്‍ നിന്ന് 103 കിലോഗ്രാം സ്വര്‍ണം കാണാതായതിനെ തുടര്‍ന്നാണ് കോടതി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സിബി-സിഐഡിയോടാവശ്യപ്പെട്ട ജഡ്ജി ജസ്റ്റിസ് പി എന്‍ പ്രകാശ് സിബിഐയ്ക്ക് ഇതൊരു അഗ്‌നിപരീക്ഷയാണെന്നും സിബിഐയുടെ കരങ്ങള്‍ സീതയെ പോലെ പരിശുദ്ധമാണെങ്കില്‍ പരീക്ഷയില്‍ വിജയിക്കുമെന്നും മറിച്ചാണെങ്കില്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി വ്യാപാരം നടത്തി വരുന്ന സുരാന കമ്പനിയ്ക്ക് വേണ്ടി മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഗ്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം.
കമ്പനിയുടെ ഓഫീസില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്ത് ലോക്കറുകള്‍ സീല്‍ ചെയ്ത ശേഷം താക്കോലുകള്‍ പ്രത്യേക കോടതിയ്ക്ക് കൈമാറിയതായാണ് സിബിഐയുടെ അവകാശവാദം. സ്വര്‍ണം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന് കൈമാറാന്‍ സിബിഐ പ്രത്യേകകോടതി നിര്‍ദേശിച്ചെങ്കിലും സുരാന കമ്പനിയുടെ അപേക്ഷയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി സ്വര്‍ണകൈമാറ്റം തടഞ്ഞിരുന്നു. സുരാന കമ്പനി വരുത്തിയ 1,160 കോടി രൂപയുടെ വായ്പാക്കുടിശ്ശിക ചൂണ്ടിക്കാട്ടി സ്വര്‍ണം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.
സിബിഐ ഇതില്‍ എതിര്‍പ്പ് അറിച്ചെങ്കിലും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ സുരാന കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് സ്വര്‍ണം വായ്പാക്കുടിശ്ശികയുള്ള ആറ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ 2019 ഡിസംബറില്‍ ഉത്തരവിട്ടു. ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 2020 ഫെബ്രുവരിയില്‍ ലോക്കറുകള്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെ കുറവ് കണ്ടെത്തിയത്.
അളവുയന്ത്രങ്ങളിലെ മാറ്റമാണ് ഈ വ്യതിയാനത്തിന് കാരണമെന്നായി സിബിഐയുടെ വാദം. എന്നാല്‍ കാലക്രമേണ ചുരുങ്ങി 100 കിലോയോളം ഭാരം കുറയാന്‍ സ്വര്‍ണമെന്താ കഞ്ചാവാണോന്ന് കോടതി പരിഹസിച്ചു. കേസില്‍ പ്രത്യേക കോടതി ജഡ്ജിയേയും പ്രോപര്‍ട്ടി ക്ലര്‍ക്കിനേയും സസ്‌പെന്‍ഡ് ചെയ്യാമെന്നും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സിബി-സിഐഡിയോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























