കൃത്യമായ ശമ്പളമില്ല; കര്‍ണാടകയിലെ ഐ ഫോണ്‍ നിര്‍മാണ ഫാക്ടറിക്കുനേരെ ജീവനക്കാരുടെ അക്രമം

യഥാസമയം വേതനം നല്‍കാത്തതിലും അമിതജോലിയെടുപ്പിക്കുന്നതിലും പ്രതിഷേധിച്ച് കര്‍ണാടക കോലാറിലെ ഐ ഫോണ്‍ നിര്‍മാണ ഫാക്ടറിക്കുനേരെ ജീവനക്കാരുടെ അക്രമം. ഐഫോണ്‍ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത തായ്വാന് കമ്ബനിയായ വിസ്ട്രണ്‍ കോര്‍പറേഷന്റെ കോലാര്‍ നരസിപുരയിലെ നിര്‍മാണ യൂനിറ്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
രാവിലത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി ഫാക്ടറി പരിസരത്ത് തടിച്ചുകൂടിയ ആയിരത്തിലേറെ ജീവനക്കാര്‍ കെട്ടിടത്തിനുനേരെ കല്ലെറിയുകയും ഫര്‍ണിച്ചറുകളും അസംബ്ലി യൂനിറ്റും നശിപ്പിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചതായും അറിയുന്നു. വിവരമറിഞ്ഞെത്തിയ നരസിപുര പൊലീസ് ജീവനക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി.
രണ്ടു മാസമായി വേതനം ലഭിച്ചില്ലെന്നും എട്ടു മണിക്കൂറിന് പകരം 12 മണിക്കൂറാണ് ജോലിയെടുപ്പിക്കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച രാവിലെ ഷിഫ്റ്റില്‍ പ്രവേശിക്കേണ്ട ജീവനക്കാര്‍ മാനേജ്മെന്റിനെ കണ്ട് വിവരം അറിയിച്ചെങ്കിലും ഫലം കാണാതായതോടെയാണ് ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. അക്രമം നടത്തിയവർക്കെതിരെ കമ്ബനിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കോലാര്‍ എസ്.പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.കലാപശ്രമത്തിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നരസിപുര പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























