കണ്ണില്ലാത്ത ക്രൂരത.... ഇരുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തി നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനച്ചട്ടിയില്‍ വറുത്തെടുത്ത കേസില്‍ പെറ്റമ്മയും സഹോദരനും അറസ്റ്റില്‍

കണ്ണില്ലാത്ത ക്രൂരത.... ഇരുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തി നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനച്ചട്ടിയില്‍ വറുത്തെടുത്ത കേസില്‍ പെറ്റമ്മയും സഹോദരനും അറസ്റ്റില്‍. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ യുവാവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഈ ക്രൂരകൃത്യം ചെയ്തത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ, മകന്‍ വിധുര്‍ (22) എന്നിവരെയാണ് ബിദാനഗര്‍ ഈസ്റ്റ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഗീതയുടെ മൂത്ത മകനായ അര്‍ജുനെയാണ് (25) ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം കത്തിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. മൂത്ത മകനെ കാണാനില്ലെന്ന് ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംഘം ഗീതയുടെ വീട് പരിശോധിച്ചപ്പോള്‍ ടെറസിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തി. ഇതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഗീതയുടെ ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും കാരണം അനില്‍ ഒരു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ ബിസിനസ് നോക്കിനടത്തിയിരുന്ന മൂത്ത മകനുമായി നല്ല ബന്ധത്തിലായിരുന്നു. മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. ഇതിനിടെ ഭാര്യയും മക്കളും കൊല്‍ക്കത്തയിലെ വീട് പൂട്ടി റാഞ്ചിയിലെ സ്വവസതിയിലേക്ക് പോയെന്ന് അനിലിന് വിവരം ലഭിച്ചിരുന്നു. റാഞ്ചിയിലെ ഭാര്യാസഹോദരിയെ വിളിച്ചപ്പോള്‍ മൂത്തമകന്‍ അര്‍ജുന്‍ അവിടെ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെ മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു. ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കര്‍പ്പൂരവും ചേര്‍ത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികള്‍ തുണിയില്‍ പൊതിഞ്ഞ് ടെറസിന് മുകളില്‍ സൂക്ഷിക്കുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനിച്ചട്ടിയും വീട്ടില്‍നിന്ന് കണ്ടെടുത്തായി പൊലീസ് പറഞ്ഞു.
വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയില്‍ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലില്‍ രക്തക്കറയും കണ്ടു. അതേസമയം, കൊലപാതകത്തിന്റെ വ്യക്തമായ കാരണം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നറിയാന്‍ വിശദമായ അന്വേഷണശേഷമേ അറിയാന്‍ കഴിയൂ. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമായതിനാല്‍ സ്വത്ത് തര്‍ക്കമോ സാമ്പത്തിക പ്രശ്‌നമോ അല്ല കൊലപാതകത്തിന് കാരണമെന്നാണ് അനുമാനം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. പ്രതികളുടെ മാനസികനിലയും മറ്റും വിശദമായി പരിശോധിക്കുമെന്നും ഗീതയുടെ മകളെ ചോദ്യംചെയ്യാനായി വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























