മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്ക് രണ്ട് വകുപ്പുകള്‍...ടൂറിസം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് തൃശ്ശൂര്‍ എംപിക്ക്; ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പും

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയ്ക്ക് രണ്ട് വകുപ്പുകള്‍. ടൂറിസം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് തൃശ്ശൂര്‍ എംപിക്ക് ലഭിച്ചത്. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്. അതേസമയം സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്താതെ തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പ്രധാന നേതാക്കള്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.
ആഭ്യന്തര വകുപ്പില്‍ അമിത് ഷാ, പ്രതിരോധ വകുപ്പില്‍ രാജ്നാഥ് സിംഗ്, ധനകാര്യത്തില്‍ നിര്‍മല സീതാരാമന്‍, വിദേശകാര്യ വകുപ്പിന്റെ തലപ്പത്ത് എസ് ജയശങ്കര്‍ എന്നിവര്‍ തുടരും. ഘടകകക്ഷികള്‍ ഏറെ അവകാശവാദമുന്നയിച്ച റെയില്‍വേ വകുപ്പില്‍ അശ്വിനി വൈഷ്ണവ് തുടരും. ഇതിന് പുറമേ അദ്ദേഹത്തിന് വാര്‍ത്താ വിതരണ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് ആരോഗ്യ വകുപ്പാണ് നല്‍കിയിരിക്കുന്നത്.
മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൃഷി വകുപ്പാണ് നല്‍കിയിട്ടുള്ളത്. ഉപരിതല ഗതാഗത വകുപ്പിന്റെ തലപ്പത്ത് തുടര്‍ച്ചയായി മൂന്നാം ടേമിലും നിധിന്‍ ഗഡ്കരി തന്നെയാണ്. ഈ വകുപ്പില്‍ രണ്ട് സഹമന്ത്രിമാരേയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ചേര്‍ന്നത്. കിരണ്‍ റിജിജിുവിനെ പാര്‍ലമെന്ററി കാര്യ വകുപ്പിലേക്ക് മാറ്റിയപ്പോള്‍ വ്യോമയാന മന്ത്രിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ടെലികോം വകുപ്പിലേക്ക് മാറിയിട്ടുണ്ട്.
ഹര്‍ദീപ് സിംഗ് പുരിക്ക് പെട്രോളിയം വകുപ്പിന്റെ ചുമതല തുടരും ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ വകുപ്പിലും ഭൂപേന്ദ്ര യാദവ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും ചുമതലയില്‍ തുടരും. ഘടകകക്ഷികളില്‍ ഉരുക്ക്, ഖനന വകുപ്പുകള്‍ എച്ച് ഡി കുമാരസ്വാമിക്ക് നല്‍കിയപ്പോള്‍ കായിക വകുപ്പിന്റെ ചുമതല ചിരാഗ് പാസ്വാന്റെ കൈകളിലേക്ക് എത്തി. സിവില്‍ ഏവിയേഷന്‍ (വ്യോമയാനം) വകുപ്പ് റാം മോഹന്‍ നായിഡുവിലൂടെ ടിഡിപിക്ക് ലഭിച്ചു. ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് ഊര്‍ജ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഇന്നലെ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയാണ് സുരേഷ് ഗോപി സ്ഥാനമേറ്റത്. കേരളത്തിലെ ബി.ജെ.പിയുടെ ചരിത്രത്തില്‍ ഇനി എക്കാലവും രേഖപ്പെടുത്തിവെയ്ക്കപ്പെടേണ്ട പേരാണ് സുരേഷ് ഗോപി. ഇന്ത്യയിലാകെ ഭരണം പിടിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റുപോലും നേടാന്‍ സാധിച്ചില്ല എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. 'കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.
2024 ലോക്‌സഭ തിരഞ്ഞെടുപ്പോടെ കേരളത്തിലും താമര വിരിയിക്കുവാന്‍ സുരേഷ് ഗോപിയിലൂടെ ബിജെപിയ്ക്ക് സാധിച്ചു. നിയമസഭയിലേയ്ക്കും ലോക്‌സഭയിലേയ്ക്കും ഇതിന് മുന്‍പ് തൃശൂരില്‍ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനവിധി തനിക്കനുകൂലമാക്കാനുള്ള മുന്നൊരുക്കങ്ങളിലേയ്ക്കാണ് അദ്ദേഹം കടന്നത്. ഒട്ടേറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപി കേരളത്തിന്റെ കേന്ദ്രമന്ത്രിയാകുകയാണ്.
ഈ ചുരുങ്ങിയ പ്രചരണ കാലഘട്ടത്തില്‍ തന്നെ ഒട്ടേറെ വിവാദങ്ങള്‍ക്കും പാത്രമായി അദ്ദേഹം. താന്‍ ജയിച്ചാല്‍ മൂന്ന് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിയ്ക്ക് നല്‍കണം എന്നതടക്കം അടുത്ത ജന്മത്തില്‍ പൂണൂലിട്ട് അയ്യനെ പൂജിക്കണമെന്ന് പറയുന്നത് വരെ തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്കെതിരായ രാഷ്ട്രീയ ആയുധമായിരുന്നു. ഇവയ്‌ക്കെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കിയാണ് അദ്ദേഹം മുന്നേറിയത്.
https://www.facebook.com/Malayalivartha