പൈപ്പിനു തകരാറുണ്ടെങ്കില്‍ ടോയ്‌ലെറ്റും വെള്ളവും ഉപയോഗിക്കരുത്; കുറുക്കു വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചെന്നൈയില്‍ വര്‍ധ കൊടുങ്കാറ്റ് ആഞ്ഞ് വീശിയപ്പോഴും കനത്ത നാശനഷ്ടമുണ്ടാകാതെ രക്ഷിച്ചത് സംസ്ഥാനം സ്വീകരിച്ച മുന്‍കരുതലുകളാണ്. ചുഴലിക്കാറ്റ് വീശുമ്പോള്‍ എന്തൊക്കെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ചതോടെ, ദുരന്തത്തെ സമര്‍ഥമായി നേരിടാനായി.
സര്‍ക്കാര്‍ പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഇവയാണ്
വെള്ളമിറങ്ങിയാലും കാറ്റ് അടങ്ങി എന്ന് പ്രഖ്യാപിക്കപ്പെടുന്നതുവരെ നദീതീരങ്ങളിലേക്ക് പോകരുത്. വെള്ളംപൊങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുപോകരുത്. കെട്ടിടങ്ങളുടെ സുരക്ഷ മുന്‍കൂട്ടി ഉറപ്പുവരുത്തുക. വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ആ കെട്ടിടത്തില്‍ കയറരുത്.
വീടിന്റെ ഭിത്തിക്കോ വാതിലിനോ ജനലിനോ മേല്‍ക്കൂരയ്‌ക്കോ എന്തെങ്കിലും തരത്തിലുള്ള പൊട്ടലോ തകരാറോ ഉണ്ടോയെന്ന് നേരത്തെ പരിശോധിക്കുക. അങ്ങനെയുണ്ടെങ്കില്‍ അവിടേക്ക് പോകാതിരിക്കുക. വൈദ്യുതി കണക്ഷനുകള്‍, ഗ്യാസ് സ്റ്റൗവ്, സിലിന്‍ഡറുകള്‍, പമ്പുകള്‍ എന്നിവയ്ക്കും തകരാറില്ലെന്ന് ഉറപ്പുവരുത്തുക. പൈപ്പുകള്‍ക്ക് തകരാറുണ്ടെങ്കില്‍ ടോയ്‌ലറ്റ് ഉപയോഗിക്കരുത്. വെള്ളവും ഉപയോഗിക്കരുത്.
ടോയ്‌ലറ്റില്‍നിന്നുള്ള സീവേജ് പൈപ്പുകളില്‍ തകരാറുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നന്നാക്കുക. അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ക്ക് അത് കാരണമാകും. വെള്ളപ്പൊക്കത്തില്‍ പലതരത്തിലുള്ള ജീവികളും വിഷപ്പാമ്പുകളും വീടിനുള്ളില്‍ കയറാനിടയുണ്ട്. അത് ശ്രദ്ധിക്കണം. പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വെള്ളപ്പൊക്കത്തില്‍പ്പെട്ട പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിന് മുമ്പ് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയില്‍നിന്ന് ബാറ്ററി ഊരിവെക്കുക. യാത്ര ചെയ്യുമ്പോള്‍ കുറുക്കുവഴികള്‍ കഴിയുന്നതും ഒഴിവാക്കുക. നല്ല റോഡുകളിലൂടെ മാത്രം സഞ്ചരിക്കുക. മരങ്ങളും കറണ്ട് കമ്പികളും പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വണ്ടിയോടിക്കുക. ചെറിയ പരിക്കുകള്‍ക്കുപോലും ഡോക്ടറുടെ സേവനം തേടുക. അസുഖങ്ങളെയൊന്നിനെയും നിസ്സാരമായി കാണാതിരിക്കുക തുടങ്ങിയവയായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍.
https://www.facebook.com/Malayalivartha



























