വെള്ളം പൊങ്ങിയ റോഡ് മുറിച്ചു കടക്കവേ ഒഴുകി വന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ട് എട്ടുവയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

വെള്ളം പൊങ്ങിയ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഒഴുകി വന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ട് എട്ടുവയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടു കൂടിയാണ് സംഭവം. സുവ ദേവി, തികമ രാം എന്നിവരും ദിനേശ് എന്ന എട്ടു വയസുകാരനുമാണ് മരിച്ചത്.
സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളളില്‍ മരിച്ച സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം ലഭിച്ചു. കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് ലഭിച്ചത്. മൂന്ന് എസ്.യു.വികളും ഒരു പിക്കപ് വാനുമാണ് ഒഴുകിപ്പോയത്. ഇവയില്‍ സഞ്ചരിച്ചിരുന്ന 37 പേരെ പൊലീസ് രക്ഷപ്പെടുത്തി. സമീപത്തെ മലയുടെ മുകളില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
സാധാരണയായി മഴക്കാലത്ത് മലവെള്ളം റോഡു വഴി ഒഴുകിപ്പോകാറുണ്ട്. എന്നാല്‍ ഇത്ര ശക്തമായ ഒഴുക്ക് ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാലടി ഉയരത്തില്‍ വെള്ളം പൊങ്ങിയിതിനാല്‍ പ്രദേശത്ത് വാഹന ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു.
ഒരു ബസ് വെള്ളനിറഞ്ഞ റോഡ് മുറിച്ചു കടന്ന് പോയതോടെ ചെറിയ വാഹനങ്ങളും അതിനു ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























