ജിയോയുടെ സൗജന്യ 4ജി ഫോണ്‍ പുറത്തിറങ്ങുന്നു ...2 ജി ഫോണുകൾ ഓഗസ്റ്റ് 15 മുതല്‍ ഓർമകളിൽ മാത്രം

ഇന്ത്യൻ ടെലികോം രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി മുകേഷ് അംബാനി.സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച 4ജി ഫോണ്‍ ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഓഫറിന്‍റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചു . ഫോൺ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോൺ പൂർണമായും ഇന്ത്യൻ നിർമിതമെന്നും അംബാനി പറഞ്ഞു.
ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് റിലയന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4 ഇഞ്ച് കളര്‍ ഡിസ്‍പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാപിക്സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും.
ജിയോ ഫോണിനൊപ്പം ടി.വി. കേബിള്‍ കൂടി ഉപഭോക്താക്കള്‍ക്കു നൽകാനൊരുങ്ങുകയാണ് കമ്പനി . ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം. മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ആണുള്ളത്. ജിയോ ഫോണ്‍ വരുന്നതിലൂടെ 2ജി ഫോണുകള്‍ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോര്‍ഡാണ് കമ്പനി ലക്ഷ്യമിടുന്നത് .
https://www.facebook.com/Malayalivartha























