പ്രതാപകാലത്ത് ബിസിനസ് ലോകവും, സിനിമാക്കാരും, ജീവനക്കാരും ചുറ്റുമുണ്ടായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ആരും തിരിഞ്ഞുനോക്കാതെ ജയിലറയ്ക്കുള്ളില്‍ -

ജനകോടികളുടെ വിശ്വസ്തനായ അറ്റ്‌ലസ് രാമചന്ദ്രന്‍. വൈശാലി (1988), വാസ്തുഹാര (1991), ധനം (1991), സുകൃതം (1994) തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ്. ഒരിക്കല്‍ ബിസിനസ്സ് ലോകവും, സിനിമാക്കാരും, ചുറ്റുമുണ്ടായിരുന്ന സെലിബ്രിറ്റി. പുഞ്ചിരിക്കുന്ന മുഖത്തോടെ ഉയരങ്ങളിലേക്ക് കടന്നുപോയ ആ വലിയ മനുഷ്യന്‍, ജയില്‍ മുറിക്കുള്ളില്‍ ഏകനായി ഒരാളും തിരിഞ്ഞുനോക്കാനില്ലാതെ, കടുത്ത രോഗബാധിതനായി തളര്‍ന്നുനില്ക്കുന്നു. ജയിലിന് പുറത്തുനിന്ന് ഭക്ഷണം വാങ്ങാന്‍ പണമില്ല. മുന്നില്‍ 40 വര്‍ഷത്തെ ജയില്‍വാസമെന്ന ഇരുട്ടുമാത്രം.
ദുബായിയിലും, നാട്ടിലുമായി കോടികളുടെ ആസ്തി ഇപ്പോഴുമുണ്ട്. പക്ഷേ ബാങ്കുകള്‍ ഒന്നൊന്നായി ജപ്തി ചെയ്തുകൊണ്ടുപോകുന്നു. കിട്ടിയതൊക്കെ കൂടെ നിന്നവര്‍ അടിച്ചുമാറ്റി. ഭര്‍ത്താവും മകളും ജയിലിലായതോടെ ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ദുബായിയിലേക്ക് വരാനാകാത്ത അവസ്ഥ. മകനും ഒരു വിധത്തിലും സഹായിക്കാന്‍ കഴിയുന്നില്ല.
ജയിലിലും രാമചന്ദ്രൻ കടുത്ത മാനസിക മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവില്‍ കഴിഞ്ഞ ശേഷം ഇവിടെ നിന്നും മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് പറഞ്ഞത്. ജയില്‍വാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ രാമചന്ദ്രൻ ജയിലില്‍ ഉന്മേഷവാനായിരുന്നത്രെ. സഹതടവുകാര്‍ക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൌനത്തിലായി.
കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിയ്ക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. ഇവരെ സന്ദര്‍ശിക്കാനെത്തുന്ന ഉറ്റവരാണ് ഇതിന് പണം നല്‍കാറ് പതിവ്.
എന്നാല്‍ വലിയ കോടീശ്വരനായിരുന്ന രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല എന്നതാണവസ്ഥ. ഉറ്റവര്‍ക്ക് സഹായിക്കാനാവാത്ത അവസ്ഥ. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു
പ്രതാപകാലത്ത് രാമചന്ദ്രന്‍ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ല.
എന്തിനും ഏതിനും പ്രസ്താവനയും പിരിവുമായി ഇറങ്ങുന്ന പ്രവാസി സംഘടനകളോ കൂട്ടായ്മകളോ പോലും രാമചന്ദ്രന്റെ കാര്യത്തില്‍ തിരിഞ്ഞു നോക്കുന്നില്ല.
ദുബായിലെ പ്യുവര്‍ ഗോള്‍ഡിന്‍റെ ഉടമ ഫിറോസ് അടുത്തിടെയായി യു എ ഇയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ചുനല്കാറുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ രാമചന്ദ്രന്റെ അവസ്ഥ എത്തിക്കാന്‍ പോലും അദ്ദേഹത്തിന്‍റെ പഴയ ജീവനക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല.
ഇപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്ഥാവര ജംഗമസ്വത്തുക്കള്‍ അറ്റ് ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശികയുള്ള ബാങ്കുകളുമായി ചര്‍ച്ച നടത്തി ഈ വസ്തുക്കള്‍ വില്‍പ്പന നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്താനും ആരും മുന്നിട്ടിറങ്ങിയിട്ടില്ല.
ബഹുമുഖ പ്രതിഭയായ ബിസിനസുകാരന്‍ വ്യവസായി എന്ന നിലയില്‍ മാത്രമല്ല ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലും തിളങ്ങിയ വ്യക്തിത്വമാണ് അറ്റ് ലസ് രാമചന്ദ്രന്‍.ഒരുകാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത് വൈശാലി രാമചന്ദ്രന്‍ എന്നായിരുന്നു .
പിന്നീട് നിര്‍മ്മാണ മേഖലയില്‍ നിന്നും പിന്മാറിയ രാമചന്ദ്രന്‍ 2007 ല്‍ ആനന്ദഭൈരവിയിലൂടെ അഭിനയ രംഗത്തേക്കും കടന്നുവന്നു. 7 സിനിമകളില്‍ അഭിനയിച്ചു. 2010 ല്‍ ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.
"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന ക്യാപ്ഷനിലാണ് അദ്ദേഹത്തിന്‍റെ സ്ഥാപനവും അറ്റ് ലസ് രാമചന്ദ്രനും മലയാളികള്‍ക്ക് ഏറെ സുപരിചിതനായത്.
അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപകാലത്ത് കാത്തു നിൽക്കാൻ സിനിമാക്കാരും തൊഴിൽ അന്വേഷകരും ഒക്കെ ഉണ്ടായിരുന്നു.മാധ്യമങ്ങൾ പരസ്യത്തിനു വേണ്ടി കയറി ഇറങ്ങി നടന്നിരുന്നു.സാംസ്കാരിക സാഹിത്യ പരിപാടി നടത്തിപ്പുകാരിൽ പലരും അവാർഡ് നൽകാൻ മൽസരിച്ചു നടന്നിരുന്നു.എല്ലാം അദ്ദേഹത്തിന്റെ പണത്തിനു മാത്രം .
ഇന്ന് സർവ്വതും നഷ്ടപെട്ട് ജയിൽ വാസം അനുഭവിക്കുമ്പോൾ ഒരാളും തിരിഞ്ഞു നോക്കാനില്ല. എല്ലാവരും സൗകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരാളായി മാറി അദ്ദേഹം.
'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ'
എന്ന എഴുത്തച്ഛൻ വരികൾ ഓർക്കുക. എല്ലാവരും സുഖ ഭോഗങ്ങളുടെ പുറകെയാണ് .എന്നാൽ അതിനു ഈയാംപാറ്റയുടെ ആയുസ്സേ ഉള്ളു എന്ന് ആരും ഓർക്കാറില്ല. ഇതാണ് ഈ ലോകം.
സമ്പത്തും കാര്യപ്രാപ്തിയുമുള്ളവന്റെ കൂടെ എപ്പോഴും ആയിരങ്ങൾ കാണും. എന്നാൽ ഒരു വീഴ്ച വന്നാൽ കൈപിടിച്ചുയർത്താനോ എന്തിന് ഒന്ന് സഹതപിക്കാൻ പോലും ആരും കാണില്ല. ഇന്നും പലരും മനസ്സിലാക്കാതെ പോകുന്ന സത്യമാണിത്.
https://www.facebook.com/Malayalivartha



























