ബഹിരാകാശ നിലയം നാളെ മലയാളികളുടെ കണ്മുന്നില്
ബഹിരാകാശത്തു നിലകൊള്ളുന്ന രാജ്യാന്തര ബഹിരാകാശ നിലയം നാളെ കേരളത്തിന്റെ മുകളിലെത്തും.
കേരളത്തിലുടനീളമുള്ളവര്‍ക്ക് നാളെ പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളമാണു നഗ്ന നേത്രങ്ങള്‍ കൊണ്ടു ബഹിരാകാശ നിലയം (ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷന് - ഐഎസ്എസ്) കാണാനാവുക. പുലര്‍ച്ചെ 5.27ന് കേരളത്തിന്റെ തെക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക.
നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം 5.29നു കൊച്ചിയുടെ തൊട്ടു മുകളിലായിയാണ് ദൃശ്യമാകുന്നത്. ഈ സമയമായിരിക്കും കേരളത്തിലുടനീളമുള്ളവര്‍ക്ക് ബഹിരാകാശ നിലയം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക. 5.32ന് ബഹിരാകാശ നിലയത്തിന്റെ സ്ഥാനം ആന്ധ്ര-ഒഡീഷ അതിര്‍ത്തിക്കു മുകളിലായിരിക്കും. ഇതോടെ കേരളീയരുടെ നഗ്ന നേത്രങ്ങളില്‍ നിന്ന് ഇത് അപ്രത്യക്ഷമാകും.
തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. ശുക്രനോളം വലുപ്പവും അതിനേക്കാള്‍ കുറച്ചുകൂടി തിളക്കവും കാണും. മേഘങ്ങള്‍ വില്ലനായില്ലെങ്കില്‍ ഈ സുന്ദരദൃശ്യം കാണാന്‍ സാധിക്കും. അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്, ബ്രസീല്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങള്‍ എന്നിവ സംയുക്തമായാണ് ബഹിരാകാശ നിലയം നിര്‍മിച്ചത്. ഐഎസ്എസില്‍ ഇപ്പോള്‍ ആറു ശാസ്ത്രജ്ഞര്‍ താമസിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha