മകളുടെ വിവാഹദിനത്തില്‍ മറ്റൊരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം നല്കി ദമ്പതികള്‍
ആലപ്പുഴ പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്. തൃദീപ്കുമാറിന്റേയും ഗീതയുടേയും മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മെയ് രണ്ടിന് മുഹമ്മ വിശ്വഗാജി മഠത്തില്‍ നടക്കും. മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കി തൃദീപ്കുമാറും ഗീതയും സമൂഹത്തിന് മാതൃകയാവുകയാണ്.
സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയുടെ മംഗല്യത്തിനാണ് ഇവര്‍ അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം, മിഷയുടെ വിവാഹദിനമായ മെയ് രണ്ടിന് തന്നെ ചെമ്പകശേരി കാവില്‍ വച്ചു നടക്കും.
രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെയാണ് നടത്തുന്നത്.
ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്കിയ അഞ്ച് പവന് സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന് ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്കി.
കെ.എസ്.ഡി.പി. ചെയര്മാന് സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി വി.എന്‍. ബാബു, രവീന്ദ്രന് അഞ്ജലി, എസ്. ഗംഗപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha