അതു വേ... ഇതു റേ.. പഞ്ചാബിലെ പീഡനത്തെകുറിച്ച് രാഹുല്‍; പഞ്ചാബിലെ പീഡനത്തില്‍ മൗനം; ബി.ജെ.പിയുടെ വിമര്‍ശനത്തിന് മറുപടി; പഞ്ചാബില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നുവെന്ന ബി.ജെ.പി ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍. പഞ്ചാബ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരം എന്തെങ്കിലും സംഭവം ഉണ്ടായാല്‍ താനവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
യുപിയിലെ ഹാഥ്റാസില് ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൗനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, നിര്‍മല സീതാരാമന് എന്നിവരാണ് കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. സംഭവം ഞെട്ടലുണ്ടാക്കുന്നുവെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. രാജസ്ഥാനിലെ ടാന്‍ഡയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ തയാറാകണമെന്നും ജാവഡേക്കര്‍ ആവശ്യപ്പെട്ടു. ചില പ്രത്യേക പ്രശ്നങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് നിര്‍മല സീതാരാമന് കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ താന്ഡ ഗ്രാമത്തിലാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നത്. ഒക്ടോബര്‍ 22നായിരുന്നു സംഭവം. ഗ്രാമത്തില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡിപ്പിച്ചു കൊന്ന് കത്തിച്ചത്. സംഭവത്തില്‍ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന് സുര്‍ജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.പ്രതികളുടെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശം നല്കി. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്.
നേരത്തെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനം നേരിട്ടിരുന്നു. കമല്‍നാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെങ്കിലും ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു രാഹുല്‍ പ്രതികരിച്ചത്. അതെ സമയം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് കമല്‍നാഥ് രംഗത്ത് വന്നിയിരുന്നു. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് കമല്‍നാഥ് അറിയിച്ചിരിക്കുന്നത്. ഒപ്പം കമല്‍നാഥിന്റെ പരാമര്‍ശത്തെ അപലപിച്ചു കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിനും ഇദ്ദേഹം മറുപടി നല്കി.
https://www.facebook.com/Malayalivartha