ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...
ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ് റെക്കോർഡുകൾ തകർത്ത് ബോക്‌സോഫീസിൽ വിജയം കൊയ്ത മഞ്ഞുമ്മൽ ബോയ്സിലെ ചില രസകരമായ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഭാഷെന്ന കഥാപാത്രം ആഴമുളള ഇടുങ്ങിയ ഗുഹയിലേക്ക് വീഴുന്നതും ചെളി പുരണ്ട നിലയിൽ യുവാവിനെ പുറത്തെടുക്കുന്ന സീനുകളും ഉണ്ടായിരുന്നു.
അടുത്തിടെയാണ് ഇതുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ചിദംബരം വെളിപ്പെടുത്തിയത്. സുഭാഷിന്റെ കഥാപാത്രം ചെയ്ത ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ചായിരുന്നുവെന്നാണ് സംവിധായകൻ പറഞ്ഞത്.'ചെളിയെന്ന രീതിയിൽ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെകൊണ്ടാണ് ശ്രീനാഥ് സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. മഴ പെയ്തതിനുശേഷമുള്ള ചെളിയാണ് ദേഹത്ത് കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്നിക്കാണ്.
ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ശ്രീനാഥിന്റെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു '- ചിദംബരം പറഞ്ഞു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവരാണ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.
https://www.facebook.com/Malayalivartha