മുലയൂട്ടല്‍ അമ്മയ്‌ക്കും കുഞ്ഞിനും അഭികാമ്യം

പരമ്പരാഗത ജീവിതരീതികളിലും സമ്പ്രദായങ്ങളിലും അടിമുടി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതുമൂലം ഗുണവും ദോഷവും ഉണ്ട്. നവജാതശിശുക്കളെപ്പോലും മുലയൂട്ടുന്നതിന് അമ്മമാര്‍ കാട്ടുന്ന വൈമനസ്യവും, ബോട്ടില്‍ ഫീഡിംഗ് ഉള്‍പ്പെടെ അതിനായി സ്വീകരിക്കുന്ന സമാന്തരമാര്‍ഗങ്ങളും ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇത് അത്യന്തം ദോഷകരമായ ഒരു പ്രവണതയാണെന്നു തെളിയിക്കുന്ന രണ്ടു പ്രധാന പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കുട്ടി ജനിച്ച് ആറുമാസം പിന്നിടുന്നതുവരെയെങ്കിലും മുലയൂട്ടല്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് ഓക്‌സ്‌ഫോര്‍ഡ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലാത്തപക്ഷം കുട്ടിയുടെ സ്വഭാവരൂപീകരണത്തെ തന്നെ അതു ബാധിച്ചേക്കാമത്രെ. പതിനായിരത്തോളം അമ്മമാരെയും കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. തന്നെയുമല്ല സമീകൃതപോഷകമൂല്യങ്ങള്‍ ധാരാളമടങ്ങിയ മുലപ്പാല്‍ കുട്ടിയുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് ഉത്തമമാണ്. വിവിധതരം ഫാറ്റി ആസിഡുകള്‍, ഹോര്‍മോണുകള്‍, തുടങ്ങിയവ തലച്ചോര്‍, നാഡീവ്യൂഹങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു. മുലയൂട്ടലിലൂടെ അമ്മയും കുട്ടിയും തമ്മിലുളള ബന്ധം സുദൃഢമാകുന്നു- റിപ്പോര്‍ട്ടു പറയുന്നു.മുലയൂട്ടല്‍ ഒഴിവാക്കി പകരം ബോട്ടില്‍ ഫീഡിംഗ് നടത്തുന്നതുമൂലം കുട്ടിക്ക് അമിതവണ്ണം ഉള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബേബിഫുഡുകളും മറ്റും സമീകൃതമല്ല. കുട്ടിയുടെ ശരീരത്തിന് അതിന്റെ വിഘടനം ഉള്‍പ്പെടെ നടത്തുവാന്‍ കഴിഞ്ഞെന്നും വരില്ല. അതിനാല്‍ നിരവധി ബാലാരിഷ്‌ടതകള്‍ക്കു വഴിവയ്‌ക്കും- ഒഹിയോ, ഫിലാഡല്‍ഫിയ സര്‍വകലാശാലകള്‍ സംയുക്തമായി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടു മുന്നറിയിപ്പു നല്‌കുന്നു.
https://www.facebook.com/Malayalivartha


























