ഫാം പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ നയം കര്‍ഷകനെ സംരംഭകനാക്കും

കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കും വിപണനത്തിനും സാങ്കേതിക, സാമ്പത്തിക സംവിധാനമൊരുക്കി കര്‍ഷകരെ സംരംഭകരാക്കാനുള്ള ഫാം പ്രൊഡ്യൂസേഴ്‌സ് ഒാര്‍ഗനൈസേഷന്‍ (എഫ്പിഒ) നയത്തിന് സംസ്ഥാനം രൂപം നല്‍കി.
എഫ്പിഒ കൂട്ടായ്മകള്‍ക്കു ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിക്കാനും സൗകര്യമുണ്ടാകും. കോവിഡിനു ശേഷമുള്ള കാലത്തെ കൃഷിയില്‍ എഫ്പിഒ-യ്ക്ക് പ്രത്യേക പ്രസക്തി ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടത്തില്‍ 100 ഉല്‍പാദകര്‍ക്ക് ഒരു എഫ്പിഒ രൂപീകരിക്കാം. രാജ്യത്ത് ഈ വര്‍ഷം 10,000 എഫ്പിഒ ആരംഭിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഇന്ത്യന്‍ കമ്പനി നിയമം, സഹകരണ നിയമം, ചാരിറ്റബിള്‍ സൊസൈറ്റി നിയമം എന്നിവയനുസരിച്ച് എഫ്പിഒ റജിസ്റ്റര്‍ ചെയ്യാം. നിലവിലുള്ള കമ്പനികള്‍ക്കു സഹകരണ നിയമത്തിനു കീഴിലേക്കു മാറാനും അവസരമുണ്ട്.
കര്‍ഷകരുടെ എണ്ണത്തിന് ആനുപാതികമായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തില്‍ ക്ലസ്റ്റര്‍ രൂപീകരിക്കാനും വ്യവസ്ഥ ചെയ്യുന്നു. ഫുഡ് പാര്‍ക്കുകളും അഗ്രോപാര്‍ക്കുകളുമായി ഇവയെ ബന്ധിപ്പിക്കും.
കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങളും സഹായവും ലഭിക്കാന്‍ എഫ്പിഒകളും വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യണം. കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രത്യേക നോഡല്‍ ഏജന്‍സി രൂപീകരിക്കും. ഉല്‍പാദനം, സംഭരണം, വിപണനം എന്നിവയില്‍ ഏകീകൃത രൂപമുണ്ടാക്കും. ബാങ്ക് വായ്പ മുഖേന പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ കൃഷി വകുപ്പ് സഹായിക്കും. വിവിധ പദ്ധതികളിലൂടെ നടത്തിപ്പു ചെലവില്‍ 3% സബ്‌സിഡി അനുവദിക്കും. വിപണന സംവിധാനമുണ്ടാക്കാന്‍ 2 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ മേളകള്‍ സംഘടിപ്പിക്കാനും ദേശീയ മേളകളില്‍ പങ്കെടുക്കാനും ഒരു ലക്ഷം രൂപ സഹായം കിട്ടും.
പച്ചക്കറി വികസന പദ്ധതികളിലെ ഉല്‍പാദന, ഗ്രേഡിങ് ക്ലസ്റ്ററുകള്‍, കുരുമുളക് കര്‍ഷക സമിതികള്‍, നാളികേര ഉല്‍പാദക സമിതികള്‍, കേരഗ്രാമം കമ്മിറ്റികള്‍, ഫ്രൂട്ട്, ഫ്‌ലവര്‍, മില്ലറ്റ് വില്ലേജ്, തേന്‍ ഉല്‍പാദക സംഘങ്ങള്‍, കശുവണ്ടി, കൊക്കോ, ഔഷധസസ്യ പദ്ധതി, ഹോള്‍ട്ടി കള്‍ചര്‍ മിഷന്‍ ക്ലസ്റ്ററുകള്‍, ആത്മ ഗ്രൂപ്പ് തുടങ്ങിയവയ്‌ക്കെല്ലാം റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാം.
https://www.facebook.com/Malayalivartha