സര്‍വകലാശാലകളുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ സ്വയംഭരണ കോളജുകള്‍ക്ക് ഇനി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാം

സ്വയംഭരണ കോളജുകള്‍ക്ക് സര്‍വകലാശാലകളുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ ഇനി പുതിയ കോഴ്‌സുകള്‍ തുടങ്ങാം. ഇതുള്‍പ്പെടെയുള്ള മാറ്റങ്ങളോടെ സ്വയംഭരണ കോളജുകളെ സംബന്ധിച്ച യു.ജി.സിയുടെ പുതിയ െറഗുലേഷന്‍ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തില്‍ ചില സ്വയംഭരണ കോളജുകള്‍ സര്‍വകലാശാലകളുടെ അനുമതിയില്ലാതെ കോഴ്‌സ് തുടങ്ങിയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സമിതിയെ നിയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള റെഗുലേഷന്‍ പുറത്തുവരുന്നത്. ഇതുപ്രകാരം സ്വയംഭരണ കോളജുകള്‍ക്ക് ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്.ഡി കോഴ്‌സുകള്‍ സ്വന്തം നിലക്ക് തുടങ്ങാം.
സ്വയംഭരണ കോളജുകളില്‍ നിലവിലുള്ള പഠന ബോര്‍ഡുകള്‍, അക്കാദമിക് കൗണ്‍സില്‍, ഗവേണിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമേ ഇതിന് വേണ്ടൂ. കോഴ്‌സ് തുടങ്ങിയ വിവരം ബന്ധപ്പെട്ട സര്‍വകലാശാലയെ പിന്നീട് അറിയിച്ചാല്‍ മതി. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിയമസഭ 2014ല്‍ പാസാക്കിയ നിയമപ്രകാരം പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍വകലാശാലകളുടെ അനുമതിയും അംഗീകാരവും നിര്‍ബന്ധമാണ്.
സ്വയംഭരണ കോളജുകളുടെ പഠനബോര്‍ഡും അക്കാദമിക് കൗണ്‍സിലും ഗവേണിങ് കൗണ്‍സിലും അംഗീകരിച്ച കോഴ്‌സുകളുടെ പാഠ്യപദ്ധതി സര്‍വകലാശാലക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. സര്‍വകലാശാലയിലെ ബന്ധപ്പെട്ട വിഷയത്തിലെ പഠനബോര്‍ഡ് പാഠ്യപദ്ധതി പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണം. ഈ സമയത്തിനകത്ത് തീരുമാനമെടുത്തില്ലെങ്കില്‍ സ്വയംഭരണ കോളജ് സമര്‍പ്പിച്ച കോഴ്‌സ് പാഠ്യപദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കും. യു.ജി.സിയുടെ പുതിയ െറഗുലേഷന്‍ വരുന്നതോടെ ഈ നടപടിക്രമം ഇല്ലാതാകും. ഇതിനെ മറികടന്നുള്ള നിയമനിര്‍മാണം സര്‍ക്കാറിന് സാധിക്കുകയുമില്ല.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ എറണാകുളം മഹാരാജാസ് കോളജിനും എയ്ഡഡ് മേഖലയിലെ 18 കോളജുകള്‍ക്കുമാണ് സ്വയംഭരണ പദവിയുള്ളത്. എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള ഒരു സ്വയംഭരണ കോളജ് അനുമതിയില്ലാതെ 16 സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങിയതും മറ്റൊരു കോളജ് തിയറി, ഇന്‍േറണല്‍ മാര്‍ക്കുകളുടെ അനുപാതത്തില്‍ മാറ്റംവരുത്തിയതും പരാതിയായതിനെതുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. കൗണ്‍സില്‍ മൂന്നംഗസമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. സ്വയംഭരണ കോളജുകള്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനുള്ള ശിപാര്‍ശകളും സമിതി സമര്‍പ്പിക്കാനിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha