മരക്കാര്‍ തിയേറ്ററില്‍ എത്തിച്ചതിന് പിന്നില്‍ ആരെന്ന് അറിയുമൊ... 'മരക്കാര്‍' സൃഷ്ടിക്കുന്ന സിനിമാറ്റിക് മാജിക് കാണാന്‍ വലിയ സ്‌ക്രീനില്‍ തന്നെ ചിത്രം കാണണമെന്ന് സുചിത്ര മോഹന്‍ലാല്‍
നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയേറ്റര്‍ റിലീസിനെത്തുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
എന്നാല്‍, മരക്കാര്‍ തീയേറ്ററിലെത്തിക്കാന്‍ വേണ്ട എല്ലാ നീക്കങ്ങളും നടത്തിയത് നടന്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര യാണെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയില്‍ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട ശേഷം സുചിത്രയാണ് ഇത് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. തുടര്‍ന്ന്, അവര്‍ തന്നെ ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്ന് 'മരക്കാറിന്റെ നിര്‍മ്മാതാക്കളിലൊരാളായ പ്രമുഖ വ്യവസായി റോയി സി ജി ഫേസ്ബുക്കില്‍ കുറിച്ചു.
റോയി സി ജി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
ശുഭവാര്‍ത്ത!.. 2021 ഡിസംബര്‍ രണ്ടിന് മരക്കാര്‍ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളില്‍... സ്ത്രീ ശക്തി വിജയിക്കുന്നു. ചെന്നൈയിലെ പ്രൈവറ്റ് ഷോ കണ്ടതിനുശേഷം സുചി ചേച്ചി (മിസ്സിസ് മോഹന്‍ലാല്‍) 'മരക്കാര്‍' സൃഷ്ടിക്കുന്ന സിനിമാറ്റിക് മാജിക് കാണാന്‍ വലിയ സ്‌ക്രീനില്‍ തന്നെ ചിത്രം കാണണമെന്ന് പറഞ്ഞു. അതിനുശേഷം അത്താഴസമയത്തും ലാല്‍ ഏട്ടനും ആന്റണിജിക്കും ഞങ്ങള്‍ എല്ലാവരുമായും സുചി ചേച്ചിയുടെ ചര്‍ച്ചാ വിഷയം ഇതുതന്നെയായിരുന്നു.
സുചി ചേച്ചി നിങ്ങളുടെ സ്ഥിരോത്സാഹത്താല്‍ ഞങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. 2021 ഡിസംബര്‍ 02 ന് ഏറെ കാത്തിരിക്കുന്ന സിനിമ ഒടിടി ന് മുമ്പ് തിയേറ്ററുകളില്‍ എത്തുന്നു. ഇത് മികച്ച തീരുമാനമാണ് ലാല്‍ ഏട്ട, ആന്റണിജി, പ്രിയദര്‍ശന്‍ജി. എല്ലാ ഫിലിം പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുകള്‍ക്കും കേരള സര്‍ക്കാരിനും മന്ത്രി ശ്രീ സജി ചെറിയാനും നന്ദിയും അഭിനന്ദനവും.' റോയി സി ജി ഫേസ്ബുക്കില്‍ കുറിച്ചു.
ഒടിടിയില്‍ എത്തിക്കാന്‍ തീരുമാനിച്ച ചിത്രം മന്ത്രി സജി ചെറിയാന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന ധാരണയിലെത്തിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചത്.
അതേസമയം, മരക്കാര്‍ നിര്‍മ്മിച്ചതിന്റെ സാമ്പത്തിക ചെലവുകളാണ് ആമസോണ്‍ െ്രെപമിലൂടെ ചിത്രം റിലീസ് ചെയ്യാനായി നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത്. എന്നാല്‍ തീയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ഒടിടി റിലീസെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറ്റവും വലിയ ബജറ്റില്‍ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞു. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് ഈ ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സ് സൂപ്പര്‍വൈസര്‍.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയെറ്ററുകളിലെത്തും. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍.
മരയ്ക്കാറില്‍ ഒട്ടേറെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കര്‍, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
https://www.facebook.com/Malayalivartha