രാജകുമാരി ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു.

ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- അഷ്നാ റഷീദ്, സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ സാന്നിദ്ധ്യം ഏറെ അനുഗ്രഹമാകുന്നു. ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജാനകി.
ഇങ്ങനെയൊരു സ്ത്രീപക്ഷ സിനിമയിലേക്ക് അണിയറ പ്രവർത്തകരെ എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണെന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകൻ്റെ അമ്മ കൂടിയായിരുന്നു വികാലാംഗ കൂടിയായ ഈ വീട്ടമ്മ.
പൊന്നും പണവും ആവശ്യം പോലെ നൽകിയാണ് ഉത്രയുടെ രക്ഷകർത്താക്കൾ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്. പിന്നീടുള്ള അന്വേഷണത്തിൽ ഈ മരണം ഭർത്താവിൻ്റെ ആസൂത്രിതമായ ഒരു കൊലപാതകമെന്ന് തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു.
കുടുംബ സദസ്സുകളുടെ ഇടയിൽ വലിയ വേദനയുളവാക്കിയ സംഭവമായി മാറി ഇത്. ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലൂടെ മികച്ച നടിയായി തെളിയിച്ച ആത്മീയയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്.
തികച്ചും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ,
എഡിറ്റർ- അഖിൽദാസ്, ഛായാഗ്രാഹകൻ - ശ്രീരാഗ് മാങ്ങാട് എന്നിവർ. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം. സംവിധായകൻ്റേത് തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും, ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം - ഡെൻസൺ ഡൊമിനിക്,
കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ - വിജയൻ ഉണ്ണി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ, ഫോട്ടോ നിധിൻ, പി ആർ - വാഴൂർ ജോസ്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
https://www.facebook.com/Malayalivartha

























