ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ നേരിട്ട് ലൈഫ് മിഷൻ പത്തുവർഷത്തിനുള്ളിൽ ലക്ഷ്യം നിറവേറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ലൈഫ് വീടുകൾ ഏറ്റവുമധികം സമയബന്ധിതമായി പൂർത്തിയാക്കിയത് യു.ഡി.എഫിന് മുൻതൂക്കമുള്ള എറണാകുളം, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഏറ്റവും പിന്നിൽ നിൽക്കുന്നത് സി.പി.എം കുത്തകയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനാണ്.
ലൈഫ് മിഷൻ വീടുകൾക്ക് അർഹതയുള്ളവരായി രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുത്ത 13 ലക്ഷം ഗുണഭോക്താക്കളിൽ മൂന്നിലൊന്നിനു മാത്രമാണ് വീടുകൾ ലഭിച്ചത്.2017-ൽ 6.20 ലക്ഷം പേരെയും 2021-ൽ 4.75 ലക്ഷം പേരെയും ഗുണഭോക്ത പട്ടികയിൽ പെടുത്തിയെങ്കിലും നാലര ലക്ഷത്തോളം വീടുകളാണ് പൂർത്തിയായത്. 5 ലക്ഷം എന്ന സർക്കാർ അവകാശവാദം തെറ്റാണ്. ഒന്നാം പിണറായി സർക്കാർ 2.95 ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്. ഇവയിൽ അമ്പതിനായിരത്തോളം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പണി തുടങ്ങിയതാണ്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം പൂർത്തിയായത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്.
ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല. ലൈഫ് മിഷൻ വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. നഗരങ്ങളിലെ ഭൂരഹിതർക്കായുള്ള പ്ലാറ്റ് സമുച്ചയ പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടു.
ഒരു വീടിന് ചെലവാകുന്ന 4 ലക്ഷം രൂപയിൽ കേരള സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. 2.20 ലക്ഷം രൂപയുടെ ഹഡ്കോയിൽ നിന്നുള്ള കടം അഞ്ചു വർഷത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചടയ്ക്കണം.
ലൈഫ് മിഷൻ വീടുകൾക്കായി ഇതിനകം ചെലവഴിച്ച 21000 കോടി രൂപയിൽ 18500 കോടി രൂപ കേരള സർക്കാർ വിഹിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യ വിരുദ്ധമാണ്. ഇതിൽ 4500 കോടി രൂപമാണ് കേരള സർക്കാരിൻ്റെ ബജറ്റ് വിഹിതം. 3600 കോടി രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. തദ്ദേശസ്ഥാപനങ്ങൾ അടച്ചുതീർക്കേണ്ട ഹഡ്കോ കടം 10400 കോടി രൂപയാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് മേൽ വൻ സാമ്പത്തിക ബാദ്ധ്യതയാണ് സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























