കമല്‍ ചിത്രത്തില്‍ വിദ്യാബാലന്‍ ഇല്ലെന്ന് ഉറപ്പായി; ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പിന്മാറ്റത്തിന് കാരണം

ഞാനില്ലേ വേറെ ആളിനെ നോക്കാം. കമലിനോട് തീര്‍ത്ത് പറഞ്ഞ് വിദ്യ. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാകാനുള്ള നീക്കം നടി വിദ്യാബാലന്‍ ഉപേക്ഷിച്ചു. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നുമാണ് വിദ്യാബാലന്‍ ഒടുവില്‍ പിന്മാറിയതായി വ്യക്തമാക്കിയത്.
ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരിക്കുന്നത് വിദ്യയുടെ വക്താവാണ്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും ഇഷ്ടമായിരുന്നെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോള്‍ പറയുന്നത് കഥയില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത് ഫൈനല്‍ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ്.
തുടക്കം മുതല്‍ ആകാംഷാഭരിതയായി കഥാപാത്രത്തിന്റെ വ്യക്തത രൂപപ്പെടുത്താന്‍ സംവിധായകനും തിരക്കഥാകൃത്തുമായി നിരന്തരം ബന്ധപ്പെട്ടകൊണ്ടിരുന്ന താരം പെട്ടെന്ന് ഒരു ദിവസം സിനിമയില്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞിരിക്കുന്നത് വിദ്യയുടെ മലയാള പ്രവേശം കാണാന്‍ കാത്തിരുന്ന ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമായും നടത്തിയിരുന്ന ചര്‍ച്ചകള്‍ പോലും താരത്തെ അലോസരപ്പെടുത്തുന്നുണ്ടത്രേ.
വിദ്യ കമലിന്റെ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമാണ്. വിദ്യ മോഡിയുടെ ശക്തനായ ആരാധികയും കമല്‍ ശക്തമായി മോഡിയെ എതിര്‍ക്കുന്നയാളുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലാകട്ടെ മോഡിയെ വിമര്‍ശിക്കുന്നതില്‍ ബിജെപിക്കാരുടെ കണ്ണിലെ കരടും. എന്നാല്‍ വിദ്യ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം രാഷ്ട്രീയ വ്യത്യാസങ്ങള്‍ അല്ലെന്നും അവരുടെ വക്താവ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















