ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പുലിമുരുകനാണ്, പുലിമുരുകന്‍ എന്ത് ചെയ്തു?

കടുത്ത വരള്‍ച്ചയിലൂടെയായിരുന്നു മലയാള സിനിമയുടെ യാത്ര. മറ്റ് ഇന്റസ്ട്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലയാളത്തില്‍ കലാമൂല്യമുള്ള സിനിമകള്‍ റിലീസ് ചെയ്യുന്നു എന്നതിനപ്പുറം സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. അഥവാ അങ്ങനെ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യത തെളിയുമ്പോഴേക്കും ഇന്റര്‍നെറ്റ് ലോകം സമ്മതിയ്ക്കില്ല.
ഒടുവില്‍ എല്ലാ തടസ്സങ്ങളെയും നേരിട്ടാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത്, ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. 25 കോടി മുടക്കി ഒരുക്കിയ ചിത്രം 150 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടി. മലയാളത്തിന്റെ ചരിത്ര നേട്ടം എന്ന് അടയാളപ്പെടുത്തുകയും ചെയ്തു.
പുലിമുരുകന്‍ എന്ന ചിത്രം ഇത്രയും വലിയൊരു തിയേറ്റര്‍ വിജയമായാല്‍ സന്തോഷിക്കേണ്ടത് തിയേറ്ററുടമകളാണ്. പണം മുടക്കി ചിത്രങ്ങള്‍ പണം വാരുമ്പോള്‍ ലഭിയ്ക്കുന്നതിന്റെ നാല്‍പത് ശതമാനം തിയേറ്ററുടമകള്‍ക്ക് ലഭിയ്ക്കുന്നുണ്ട്.
പുലിമുരുകനെ പോലുള്ള സിനിമകളെ പ്രോത്സാഹിപ്പിയ്ക്കുന്നത് വഴി മലയാളത്തില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ധൈര്യമായി നിര്‍മിയ്ക്കപ്പെട്ടും. എന്നാല്‍ തലതിരിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന കഥ എന്ന് പറയുന്നത് ഇതാണ്.
കിട്ടുന്നതിലും 10 ശതമാനം ഉയര്‍ത്തി, 50-50 എന്ന ആനുപാതത്തില്‍ തിയേറ്റര്‍ വിഹിതം കിട്ടണം എന്ന് ആവശ്യപ്പെടാന്‍ തിയേറ്ററുടമകളെ പ്രചോദിപ്പിച്ചത് പുലിമുരുകന്റെ വിജയമാണ്. ഇത് തീര്‍ത്തും നിരുത്സാഹപ്പെടുത്തലാണെന്നല്ലാതെ എന്ത് പറയാനാണ്.
ഈ ആവശ്യം ന്യായമാണെന്ന അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടോ? ഒരു കലാസൃഷ്ടിയാണ് സിനിമ. മറ്റൊരാളുടെ സൃഷ്ടി വിറ്റ് കാശുണ്ടാക്കുന്നവര്‍ക്ക് കിട്ടുന്നതിന്റെ പാതി വേണം എന്ന് പറയുന്നതില്‍ എന്താണ് യുക്തി. ഒരു ഭ്രൂണത്തിന്റെ വളര്‍ച്ച പോലയല്ലേ സിനിമ. ഒരു അമ്മ പത്ത് മാസം വയറ്റിലിട്ട് വേദനയോടെ പെറ്റ കുഞ്ഞിന്റെ പങ്ക് തനിക്കും വേണം എന്ന് പറയുന്നതിന്റെ യുക്തിയാണ് മനസ്സിലാവാത്തത്.
പഴമക്കാര്‍ പറയും വെയിലുള്ളപ്പോള്‍ നെല്ല് ഉണക്കാന്‍ ഇടണം എന്ന്.... പുലിമുരുകന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷമാണ് കടന്ന് പോയത്. എന്നിട്ടും മലയാളത്തില്‍ ഒരു സിനിമ പോലും റിലീസ് ചെയ്യാത്തത് വന്‍ സാമ്പത്തിക നഷ്ടമാണ് (12 കോടി എന്ന് നിര്‍മാതാക്കള്‍ പറയുന്നു) വരുത്തിവച്ചിരിയ്ക്കുന്നത്.
വിജയകരമായി പ്രദര്‍ശിപ്പിച്ചു പോന്നിരുന്ന പുലിമുരുകനെയും കട്ടപ്പനയിലെ ഋത്വിക് റോഷനെയും തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റിയത് വലിയ അനീതിയാണെന്നേ പറയാന്‍ കഴിയൂ. ഈ സിനിമാ സമരം ബാധിയ്ക്കുന്നത് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളെയായിരിക്കും. വീരം, കര്‍ണന്‍, ലൂസിഫര്‍, ടിയാന്‍, രണ്ടാമൂഴം, കായംകുളം കൊച്ചുണ്ണി തുടങ്ങി ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നു.
പുലിമുരുകന്റെ വിജയമാണല്ലോ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നത്തിന് കാരണം. അപ്പോള്‍ പിന്നെ ഈ ചിത്രങ്ങളുടെയൊക്കെ അവസ്ഥയെന്താവും. എന്ത് ധൈര്യത്തില്‍ ഇവ പുറത്തിറക്കും. മലയാള സിനിമ വളരില്ല... വളരാന്‍ സമ്മതിക്കില്ല..!
https://www.facebook.com/Malayalivartha























