തിരുത്തേണ്ടത് ആരെയായാലും ഞങ്ങള് തിരുത്തും സാര്...കോളേജില് വിദ്യാര്ത്ഥികളുടെ കൈയടി നേടി നിഖില വിമല്

എപ്പോഴും നിലപാടുകള് മറയില്ലാതെ തുറന്നുപറയുന്ന താരമാണ് നിഖില വിമല്. മട്ടന്നൂര് പഴശ്ശിരാജാ എന്എസ്എസ് കോളേജില് താരത്തിന്റെ പ്രസംഗമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 'തിരുത്തേണ്ടത് ആരെയായാലും ഞങ്ങള് തിരുത്തും സാര്...നിഖില വിമല്' എന്ന തലക്കെട്ടോടെ പഴശ്ശിരാജാ കോളേജ് യൂണിയനാണ് സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പങ്കുവച്ചത്. രാഷ്ട്രീയം പാടില്ലെന്ന തരത്തില് കോളേജ് പ്രിന്സിപ്പാള് നടത്തിയ പരാമര്ശം വേദിയില്വച്ചുതന്നെ തിരുത്തുകയായിരുന്നു നടി നിഖില വിമല്. പരിപാടിയുടെ ഭാഗമായി വേദിയില് സംസാരിക്കവെ പ്രിന്സിപ്പല് നടത്തിയ പരാമര്ശത്തെ തിരുത്തിയ നിഖിലയ്ക്ക് വലിയ കൈയടിയാണ് വിദ്യാര്ത്ഥികളും പൊതുസമൂഹവും നല്കുന്നത്.
'ഇവിടെ പ്രിന്സിപ്പല് സംസാരിച്ച ഒരു കാര്യം ഞാന് കോട്ട് ചെയ്യാന് ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു ജാതി, മത, വര്ഗീയ, രാഷ്ട്രീയ ബോധങ്ങള് നമുക്കുണ്ടാകരുതെന്ന്. അതെല്ലാം ശരിയാണ്. ജാതിമത വര്ഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ, രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കക്ഷി രാഷ്ട്രീയത്തെപ്പറ്റിയല്ല ഞാന് പറയുന്നത്.
നിങ്ങള് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതിന് ഒരു രാഷ്ട്രീയം ഉണ്ട്. നിങ്ങള് എന്ത് കഴിക്കണം എന്നുള്ളതിന് ഒരു രാഷ്ട്രീയം ഉണ്ട്. നിങ്ങള് എന്ത് സംസാരിക്കണം, എങ്ങനെ പ്രവര്ത്തിക്കണം എന്നുള്ളതിനൊക്കെ ഒരു രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്. ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്' നിഖില വിമല് പറഞ്ഞു.
https://www.facebook.com/Malayalivartha

























