മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

ഒരു സിനിമ 300 കോടി ക്ലബ്ബിൽ... മറ്റൊരു ചിത്രം 200 കോടിയും കടന്ന് കുതിക്കുന്നു... രണ്ടിലും നായകന്മാർ തമിഴകത്തെ സൂപ്പർതാരങ്ങൾ. പക്ഷേ ഈ വിജയങ്ങൾക്കിടയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒരു മലയാളി മുഖമുണ്ട്. മറ്റാരുമല്ല, നമ്മുടെ സ്വന്തം മമിത ബൈജു.
മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ പെൺകുട്ടി. ഇന്ന് തമിഴകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന യുവ നായികമാരിൽ ഒരാൾ. വിജയ്ക്കൊപ്പം അഭിനയിച്ചാൽ വിജയ്യുടെ താരപ്രഭയിൽ ഒതുങ്ങിപ്പോകുമെന്ന് കരുതിയവർക്ക് തെറ്റി. സൂര്യയ്ക്കൊപ്പം എത്തിയപ്പോഴും സ്വന്തം സാന്നിധ്യം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2026 മമിത ബൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവർഷമായി മാറുകയാണ്. അതേസമയം തമിഴിലേക്ക് പോയ മറ്റ് നടിമാർ മങ്ങിപ്പോകുന്ന കാഴ്ച കൂടി കണ്ടു.
മമിതയുടെ സിനിമാജീവിതം തുടങ്ങുന്നത് ഇന്നോ ഇന്നലെയോ അല്ല. 2017ൽ പുറത്തിറങ്ങിയ 'സർവോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഡാകിനി, വരത്തൻ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. എന്നാൽ 2021ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയും ഖോ ഖോയും മുതൽ മമിതയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി.
പിന്നീട് സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രം മമിതയ്ക്ക് വലിയ ആരാധകവൃന്ദത്തെ സമ്മാനിച്ചു. എന്നാൽ കരിയറിന്റെ ഗതി തന്നെ മാറ്റിയത് 2024ലെ പ്രേമലുവാണ്. നസ്ലിനൊപ്പം റീനു എന്ന കഥാപാത്രമായി എത്തിയ മമിത മലയാളി പ്രേക്ഷകരുടെ മാത്രമല്ല, കേരളത്തിന് പുറത്തുള്ള സിനിമാപ്രേമികളുടെയും ഇഷ്ടം പിടിച്ചുപറ്റി. ലോകമെമ്പാടുമായി 130 കോടിയിലേറെ രൂപ നേടിയ പ്രേമലു മമിതയുടെ കരിയറിലെ നിർണായക വഴിത്തിരിവായി.
അവിടെനിന്നാണ് തമിഴിലേക്കുള്ള ചുവടുവയ്പ്പ്. 2024ൽ ജി.വി. പ്രകാശിനൊപ്പം 'റിബൽ' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. ആദ്യചിത്രം വലിയ ബോക്സ് ഓഫീസ് വിജയമായില്ലെങ്കിലും മമിതയുടെ തമിഴ് യാത്ര അവിടെ അവസാനിച്ചില്ല. 2025ൽ പ്രദീപ് രംഗനാഥനൊപ്പം 'ഡ്യൂഡ്' എത്തി. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ മമിതയുടെ സ്വീകാര്യത വർധിച്ചു. പിന്നാലെ ധനുഷിനൊപ്പം 'കാര'യിലും അഭിനയിച്ചു. ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തിയില്ലെങ്കിലും തമിഴിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ മമിതയെ തേടിയെത്തി.
എന്നാൽ 2026ലാണ് മമിതയുടെ താരമൂല്യം മറ്റൊരു തലത്തിലേക്ക് ഉയർന്നത്. വിജയ്യുടെ അവസാന ചിത്രമായി എത്തിയ 'ജനനായകനി'ൽ വിജയലക്ഷ്മി എന്ന കഥാപാത്രമായാണ് മമിത എത്തിയത്. വിജയ്യുടെ താരപ്രഭയ്ക്കിടയിലും ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമായി മാറാൻ താരത്തിന് കഴിഞ്ഞു. ആഗോള ബോക്സ് ഓഫീസിൽ 300 കോടി രൂപയിലേറെ നേടിയ ചിത്രം മമിതയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.
അതുകൊണ്ടും തീർന്നില്ല. സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസി'ലും മമിതയ്ക്ക് നിർണായക വേഷം. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി. സിനിമ വൻ ഹിറ്റായി. ലോകമെമ്പാടുമായി 200 കോടി രൂപ പിന്നിട്ട ചിത്രത്തിൽ മഡ്ഡി എന്ന കഥാപാത്രമായാണ് മമിത എത്തിയത്. സൂര്യയ്ക്കൊപ്പം അഭിനയിക്കുമ്പോഴും സ്വന്തം കഥാപാത്രത്തിന് പ്രാധാന്യം നേടിക്കൊടുക്കാൻ മമിതയ്ക്ക് കഴിഞ്ഞു.
മലയാളത്തിലും തമിഴിലുമായി ഒരേപോലെ തിളങ്ങുന്ന അപൂർവം യുവതാരങ്ങളുടെ നിരയിലേക്കാണ് മമിതയുടെ വളർച്ച. നിവിൻ പോളിക്കൊപ്പം എത്തിയ 'ബത്ലഹേം കുടുംബ യൂണിറ്റ്' കൂടി 200 കോടി ക്ലബ്ബ് കടന്നതോടെ 2026ൽ മമിത അഭിനയിച്ച മൂന്ന് ചിത്രങ്ങൾ 200 കോടിയിലധികം ആഗോള കളക്ഷൻ നേടിയെന്ന റെക്കോർഡ് നേട്ടവും സ്വന്തമായി. വിജയ്, സൂര്യ, നിവിൻ പോളി... മൂന്ന് താരങ്ങൾ, മൂന്ന് സിനിമകൾ, മൂന്ന് വമ്പൻ വിജയങ്ങൾ.
ഇതൊന്നും ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ചെറിയ വേഷങ്ങളിൽനിന്ന് തുടങ്ങി, ഓരോ കഥാപാത്രത്തിലൂടെയും തന്റെ അഭിനയശേഷി തെളിയിച്ചാണ് മമിത ഈ നേട്ടത്തിലെത്തിയത്. നായികയാകാൻ വലിയ താരപദവിയോ സിനിമാപാരമ്പര്യമോ ആവശ്യമില്ലെന്ന് സ്വന്തം പ്രകടനത്തിലൂടെ തെളിയിക്കുകയാണ് ഈ മലയാളി താരം.
ഒരുകാലത്ത് പ്രേമലുവിലെ റീനു എന്ന പേരിൽ മാത്രം അറിയപ്പെട്ടിരുന്ന മമിത ഇന്ന് തമിഴകത്തും വലിയ ആരാധകവൃന്ദമുള്ള താരമാണ്. മലയാളത്തിൽനിന്ന് തമിഴിലേക്ക്, അവിടെനിന്ന് പാൻ ഇന്ത്യൻ ശ്രദ്ധയിലേക്ക്. മമിതയുടെ യാത്ര ഇനിയും എങ്ങോട്ടൊക്കെയെത്തുമെന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.
https://www.facebook.com/Malayalivartha
























