മെസേജ് അയച്ചാല്‍ പ്രമേഹം കുറയ്‌ക്കാം!

'മെസേജ് അയയ്‌ക്കൂ, പ്രമേഹം കുറയ്‌ക്കൂ' എന്നാണ് ഇപ്പോള്‍ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരുടെ പുതിയ മുദ്രാവാക്യം. ടെക്‌സ്റ്റ് ഫോര്‍ ഹെല്‍ത്ത് എന്ന പേരിലുളള പുതിയൊരു ബോധവല്‍ക്കരണ പരിപാടി മാത്രമാണോ ഇത്!അല്ലാതെ മെസേജിനോ മൊബൈല്‍ ഫോണിനോ എന്തെങ്കിലും അത്ഭുത സിദ്ധി ഉണ്ടായെന്നു തെറ്റിദ്ധരിക്കരുതേ! ഈ പരിപാടിയുടെ ഭാഗമായി ഭക്ഷണത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, തൂക്ക വ്യത്യാസം നല്‍കുന്ന സൂചനകള്‍, വ്യായാമ വിദ്യകള്‍, സ്വയം പരിശോധനാ നിര്‍ദ്ദേശങ്ങള്‍ എന്നിവയൊക്കെ മെസേജ് ആയി ലഭിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടെന്താ എന്നാണോ? പരീക്ഷണം നടത്തിയ രോഗികളില്‍ മുക്കാല്‍ ഭാഗവും ഇതിനു ഫലമുണ്ടെന്നാണ് പറയുന്നത്. സംഭവം വന്‍ ഹിറ്റായിരിക്കുകയാണ്. ഓരോരുത്തരുടെയും സ്വഭാവവും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതിയുമൊക്കെ ഇതിനെ സ്വാധീനിച്ചേക്കാമെങ്കിലും പഠനം നടത്തിയതില്‍ വലിയ വിഭാഗത്തിനും ചികിത്സ ഫലം കണ്ടു. മധുര പാനീയങ്ങള്‍ക്കു പകരം വെളളവും ഡെസേര്‍ട്ടിനു പകരം പച്ചപ്പഴങ്ങളും കഴിക്കാന്‍ പദ്ധതി സഹായകമാണെന്ന് 74 ശതമാനം പേരും പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ ചിപ്‌സോ, ഫ്രൈ ഇനങ്ങളോ കഴിച്ചിരിക്കുന്ന 76 ശതമാനം പേര്‍ അതിനുപകരം സാലഡാക്കി. പൊരിച്ചതിനും വറുത്തതിനുമൊക്കെ പകരം പുഴുങ്ങിയതോ ചുട്ടെടുത്തതോ ആയ ഇനങ്ങള്‍ പരീക്ഷിക്കുന്നു മറ്റൊരു 76 ശതമാനം പേര്‍. ടെക്‌സ്റ്റ് മെസേജുകള്‍ എളുപ്പം മനസ്സിലാകുമെന്ന് പദ്ധതിയില്‍ പങ്കെടുത്ത എല്ലാവരും സമ്മതിച്ചു. രോഗനിയന്ത്രണത്തിനായി വിരല്‍ത്തുമ്പിലെ ഡോക്‌ടറായി മൊബൈല്‍ കൂടെ നില്‍ക്കുന്നു എന്നത് നിരന്തര വിലയിരുത്തലിന് പ്രേരണ നല്‍കുന്നു എന്ന വസ്‌തുതയാണ് പദ്ധതിയുടെ ഏറ്റവും വലിയ മേന്‍മയായി കണക്കാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha