കൊറോണ വൈറസ് സാര്‍സിനേക്കാൾ മാരകം; കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി;നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിൻസസ് ക്രൂസ് കപ്പലിൽ ആറുപേർക്കുകൂടി വൈറസ്; കപ്പലിൽ ആറ് ഇന്ത്യക്കാർ

മരണസംഖ്യയിൽ സാർസിനെയും കടന്ന് കൊറോണ വൈറസ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഞായറാഴ്ച 813 ആയി. 2003-ലെ സാർസ് ബാധയിൽ പത്തിലേറെ രാജ്യങ്ങളിലായി 774 പേരാണ് മരിച്ചത്.
കൊറോണ ബാധിച്ചവരുടെ എണ്ണം 37,566 ആയിട്ടുണ്ട്. എന്നാൽ, പുതിയതായി റിപ്പോർട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ അഞ്ചുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ പറഞ്ഞു. 2649 േപർക്ക് രോഗം ഭേദമായി.
ചൈനയിൽ ഞായറാഴ്ച 89 പേരാണ് മരിച്ചത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. എന്നാൽ, ഹുബൈയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മിഖായേൽ റയാൻ പറഞ്ഞു. വൈറസ് ബാധ നേരിടാൻ 4300 കോടി ഡോളർ (മൂന്നുലക്ഷം കോടി രൂപ) വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചു.
ചൈനയ്ക്കുപുറത്ത് ബ്രിട്ടനിലും സ്പെയിനിലും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടുചെയ്തു. സിങ്കപ്പൂരിൽ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രത ഇപ്പോഴും തുടരുകയാണ്. സിങ്കപ്പൂരിൽ 40 പേർക്കാണ് വൈറസ് ബാധിച്ചത്.ജപ്പാൻ കപ്പലിൽ ആറുപേർക്കുകൂടി വൈറസ് ബാധ, ഹോങ് കോങ് കപ്പലിന് തുറമുഖം വിടാൻ അനുമതി
ജപ്പാനിലെ ടോക്യോയിൽ യോക്കോഹാമ തുറമുഖത്ത് നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിൻസസ് ക്രൂസ് കപ്പലിൽ ആറുപേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ വൈറസ് ബാധിച്ചവർ എഴുപതായി. ഇതിൽ അഞ്ചുപേർ കപ്പൽ ജീവനക്കാരാണെന്ന് യു.എസ്. മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു. ഈ കപ്പലിൽ ആറ് ഇന്ത്യക്കാരുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് വൈറസ് ബാധയില്ലെന്നാണ് വിവരം. ഹോങ് കോങ്ങിൽ നിരീക്ഷണത്തിലുള്ള വേൾഡ് ഡ്രീം എന്ന കപ്പലിൽ ആർക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. കപ്പലിന് തുറമുഖം വിടാൻ അനുമതിനൽകുമെന്ന് ഹോങ് കോങ് ആരോഗ്യ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























