വിവാഹമോചിതയ്ക്ക് സൗന്ദര്യപട്ടം നൽകില്ല... കിരീടം ബലമായി വലിച്ചൂരി മറ്റൊരാൾക്ക് കൊടുത്തു... പിന്നാലെ പൊട്ടിക്കരച്ചിൽ...

സൗന്ദര്യ മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചായാവുന്നത്. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയിൽ നിന്നും മിസിസ്സ് വേൾഡ് ജേതാവ് കിരീടം പിടിച്ചു വാങ്ങി ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾ ലോക ജനതയിലേക്ക് എത്തിയത്. ശ്രീലങ്കയിലെ മിസിസ്സ് ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.
പുഷ്പിക ഡിസിൽവ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടർന്ന് കിരീടം അണിയിക്കുന്നതിനായി മുൻ മിസ്സിസ് ശ്രീലങ്കയും മിസ്സീസ് വേൾഡ് ജേതാവുമായ കരോലിൻ ജൂറിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. സദസ്സിന്റെ കരഘോഷത്തിനിടെ കരോലിൻ പുതിയ മിസ്സിസ് ശ്രീലങ്കയായ പുഷ്പികയെ കിരീടം അണിയിച്ചു. തുടർന്ന് ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകൾക്കൊപ്പം പുഷ്പിക വിക്ടറി വാക്ക് നടത്തിയതിന് പിന്നാലെയാണ് വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മത്സരത്തിന്റെ നിയമാവലി അനുസരിച്ച് വിവാഹമോചിതയായ സ്ത്രീക്ക് മിസ്സിസ് ശ്രീലങ്ക പട്ടം നൽകാൻ അർഹതയില്ലെന്നും അതിനാൽ ഫസ്റ്റ് റണ്ണറപ്പായ യുവതിക്ക് കിരീടം നൽകുകയാണെന്നും കരോലിൻ പെട്ടന്ന് പ്രഖ്യാപിച്ചു. കിരീട ധാരണത്തിന് ശേഷം വൈകാതെ തന്നെ മിസ്സീസ് ശ്രീലങ്ക പട്ടം തിരികെ വാങ്ങാൻ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനു ശേഷം പുഷ്പികയുടെ തലയിൽ നിന്നും കിരീടം ബലമായി വലിച്ചൂരി കരോലിൻ ഇത് ഫസ്റ്റ് റണ്ണറപ്പായ യുവതിയെ അണിയിച്ചു. ഇത് കണ്ട പുഷ്പിക കരഞ്ഞു കൊണ്ട് വേദിയിൽ നിന്ന് പോവുകയും ചെയ്തു. സദസ്സിലുണ്ടായിരുന്നവർക്ക് പുറമേ ആയിരക്കണക്കിന് പേരാണ് ഈ സംഭവങ്ങളെല്ലാം തത്സമയം ടി.വി. ചാനലുകളിലൂടെ വീക്ഷിച്ചത്. നാഷണൽ ടിവിയിലാണ് സംഭവങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്. ഈ നടപടിക്കെതിരെ വിവിധ കോണിൽ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തനിക്കേറ്റ മാനക്കേടിൽ 31 കാരിയായ പുഷ്പിക നിറ കണ്ണുകളുമായാണ് വേദിയിൽ നിന്നും മടങ്ങിയത്. സൗന്ദര്യ മത്സരം വിവാദമായതിന് പിന്നാലെ പുഷ്പിക ഡിസിൽവ ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകുകയും ചെയ്തു. താൻ വിവാഹമോചിതയല്ലെന്നും അങ്ങനെയാണെങ്കിൽ തന്റെ വിവാഹമോചന രേഖകൾ ഹാജരാക്കാൻ വെല്ലുവിളിക്കുകയാണെന്നും അവർ ഫെയ്‌സ്ബുക്കിലൂടെ മറുപടി അറിയിച്ചു.
ഒരു യഥാർത്ഥ ബ്യൂട്ടി ക്വീൻ മറ്റൊരു സ്ത്രീയുടെ കിരീടം തട്ടിയെടുക്കുന്നയാളല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെ കിരീടം രഹസ്യമായി സ്ഥാപിക്കുന്ന സ്ത്രീയാണ്! എന്നും അവര്‍ പറഞ്ഞു. കിരീടം ബലമായി പിടിച്ചു വാങ്ങിയപ്പോൾ തന്റെ തലയ്ക്ക് പരിക്കേറ്റെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുഷ്പിക വ്യക്തമാക്കി.
സംഭവം വൻ വിവാദമായതോടെ മിസിസ്സ് ശ്രീലങ്ക മത്സരത്തിന്റെ സംഘാടകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട് ഇപ്പോൾ. പുഷ്പിക ഡിസിൽവ വിവാഹ മോചിതയല്ലെന്നും വിജയിയുടെ കിരീടം അവർക്ക് തന്നെ തിരികെ നൽകുമെന്നുമാണ് സംഘാടകർ അറിയിച്ചത്.
കരോലിൻ ജൂറിയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്നും സംഭവത്തിൽ മിസിസ്സ് വേൾഡ് ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha