യുക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ, ആശുപത്രിയിൽ മിസൈൽ പതിച്ച് 2 ദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ചു, അമ്മയെയും ആശുപത്രി ജീവനക്കാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തു, വൈദ്യുതിയില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു

തലസ്ഥാന നഗരത്തിലുൾപ്പെടെ യുക്രെയ്നിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കി. സപൊറീഷ നഗരത്തിനു സമീപമുള്ള വിൽനിയാൻസ്കിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 2 ദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ചു. അമ്മയെയും ആശുപത്രി ജീവനക്കാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ പുറത്തെടുത്തു
കീവിൽ ഇരുനിലക്കെട്ടിടം മിസൈൽ ആക്രമണത്തിൽ തകർന്ന് ഒരാൾ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. നഗരത്തിൽ വൈദ്യുതിയും ജല വിതരണവും നിലച്ചു. വൈദ്യുതിയില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു
ഇതിനിടെ, ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന രാജ്യമായി റഷ്യയെ മുദ്രകുത്താൻ യൂറോപ്യൻ പാർലമെന്റ് തീരുമാനിച്ചു. ഊർജനിലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിടുന്നതിലൂടെ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതീകാത്മക നടപടിയാണിത്.
ബ്രിട്ടൻ ഇതാദ്യമായി പൈലറ്റുൾപ്പെടെ 3 ഹെലികോപ്റ്ററുകൾ യുക്രെയ്നിലേക്ക് അയയ്ക്കുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയൻ 250 കോടി യൂറോ അനുവദിച്ചു. യുഎസിൽനിന്നുള്ള സഹായമായി 450 കോടി ഡോളർ വരും ആഴ്ചകളിലായി ലഭിക്കും.
റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ നസാംസ്( NASAMS), അസ്പൈഡ് (ASPIDE) എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ യുക്രൈനിൽ എത്തി . ഒക്ടോബര്‍ 10ന് യുക്രെയിൻ നഗരങ്ങളില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തെ തുടര്‍ന്ന് വ്യോമ പ്രതിരോധ സംവിധാനം നല്‍കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ തയാറാകണമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.
റഷ്യയുടെ ആകാശത്തു നിന്നുള്ള ആക്രമണം പ്രതിരോധിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയാല്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ നന്ദിയുള്ളവരാകുമെന്ന് ലോക നേതാക്കളോട് ജി 7 സമ്മേളനത്തിനിടെ യുക്രെയിൻ പ്രസിഡന്റ് പറയുകയും ചെയ്തു.ഇതേ തുടർന്നാണ് ജര്‍മ്മനി IRIS-T വ്യോമ പ്രതിരോധ സംവിധാനം യുക്രെയിന് നൽകിയത് . രണ്ട് നാഷണല്‍ അഡ്വാന്‍സ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റംസ് (NASAMS) കൈമാറുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു.
ജര്‍മനിയിലുളള നോര്‍വീജിയന്‍ സൈനികരാണ് യുക്രെയിനികള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്തത് സ്‌പെയിനിന്റെ നസാംസ് വ്യോമ പ്രതിരോധ സംവിധാനവും യുക്രെയിനിലേക്ക് എത്തി . അസ്‌പെയ്ഡ് വിമാനവേധ മിസൈല്‍ സംവിധാനത്തിന്റെ ബാറ്ററി, നാല് ഹോക്ക് വ്യോമ പ്രതിരോധ സംവിധാനം, ടാങ്ക് വേധ മിസൈലുകള്‍, തോക്കുകള്‍ എന്നിവയും സ്‌പെയിന്‍ യുക്രെയിന് നല്‍കിയിരുന്നു.
അസ്‌പെയ്ഡ് ബാറ്ററികളില്‍ ആറ് മിസൈലുകള്‍ വീതം വഹിക്കാവുന്ന രണ്ട് ലോഞ്ചറുകളാണുണ്ടാവുക. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവുന്ന സ്പാഡ 2000 മിസൈലുകളാണ് ഇതിലുപയോഗിക്കുന്നത്. ആറ് കിലോമീറ്റര്‍ വരെ ഉയരത്തിലും 25 കിലോമീറ്റര്‍ വരെ ദൂരത്തിലുമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ മിസൈലുകള്‍ക്കാവും.
യുക്രെയിനിലേക്ക് സ്പാനിഷ് വിദേശകാര്യമന്ത്രി യോസേ മാനുവല്‍ അല്‍ബരെസ് നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു സഹായങ്ങള്‍ പ്രഖ്യാപിച്ചത്. സ്‌പെയിന്റെ നടപടിക്ക് യുക്രെയിൻ പ്രസിഡന്റ് തന്നെ നേരിട്ട് നന്ദിയും അറിയിച്ചിട്ടുണ്ട്.
ഏത് കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വ്യോമപ്രതിരോധം തീര്‍ക്കാന്‍ ശേഷിയുണ്ട് സ്‌പെയിന്‍ നല്‍കിയ സ്പാഡ 2000 മിസൈലുകള്‍ക്ക്. 2000 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ ഇങ്ങനെയൊരു വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിയും. ഓരോ മിസൈലിലും 35 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ വരെ വഹിക്കാനും സാധിക്കും. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി യുക്രെയിന് റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha