മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ; കുട്ടികളുടെ ശരീരത്തിൽ കുത്തിവച്ചത് വിഷാംശമുള്ള രാസവസ്തു...

മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ. മുപ്പത്തെട്ടുകാരിയായ നഴ്സ് ജിലുമോൾ ജോർജ് ആണ്, പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റുചെയ്ത പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഇംഗ്ലിഷ് മാധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ വാർത്തയായിരുന്നെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന സത്യം ഇന്നലെ മാത്രമാണ് പുറത്തുവന്നത്. ജിലുവിന്റെ ഭർത്താവ്, നാട്ടിലാണ്. കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് വരുംദിവസങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്നും മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഈസ്റ്റ് സസെക്സ് താരതമന്യേ ഉയർന്ന വരുമാനക്കാരായ ആളുകൾ താമസിക്കുന്ന അക്ഫീൽഡിൽ മലയാളി കുടുംബങ്ങൾ അധികമില്ലെന്നാണ് പുറത്തു വരുന്ന വിവരം. വിഷബാധയേറ്റ കുട്ടികൾ സാധാരണ നിലയിലേക്ക് മടങ്ങുക ആണെന്നാണ് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അറസ്റ്റിലായ യുവതി പ്രദേശത്തെ ഒരു കെയർ ഹോം ജീവനക്കാരി ആണെന്നും സൂചനയുണ്ട്. ഇവർ പെരുമ്പാവൂരിലാണ് നഴ്‌സിങ് പഠനം പൂർത്തിയാക്കിയതെന്നും വിവരങ്ങൾ ലഭ്യമാണ്. അക്ഫീൽഡിൽ മലയാളി കൂട്ടായ്മ ഇല്ലാത്തതിനാൽ ഹേവാർഡ് ഹീത്തിലാണ് ഇവർ മലയാളി പരിപാടികളിൽ എത്തിക്കൊണ്ടിരുന്നത്. കുട്ടികൾ മിടുക്കരായതിനാൽ ഹേവാർഡ് ഹീത്ത് മലയാളി കൂട്ടായ്മയിൽ നിന്നും യുക്മ കലാമേളയിൽ പങ്കെടുത്തു സമ്മാനവും നേടിയിട്ടുണ്ട്.
ആശുപത്രിയിൽ കഴിയുന്ന ആൺകുട്ടിക്ക് ഒൻപത് വയസും പെൺകുട്ടിക്ക് 13 വയസുമാണ് പ്രായം. സംഭവ സമയത്തു ഇവർ മൂന്നു പേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നതിനാൽ സംഭവത്തിൽ മറ്റാർക്കും നേരിട്ട് പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും ഈസ്റ്റ് സസെക്‌സ് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അടിയന്തിര സന്ദേശം എത്തിയതിനെ തുടർന്ന് ആംബുലൻസ് എത്തി ഇവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.
https://www.facebook.com/Malayalivartha