സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി...സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്...

സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ‘Gliese 12 b’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം.ഒരു മാസത്തോളമായി തുടർച്ചയായി നിരീക്ഷിച്ചാണ് ടെസ് സാറ്റ്ലൈറ്റ് ഈ നിഗൂഢ ഗ്രഹത്തെ കണ്ടെത്തിയത്. ഗ്രഹത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ തെളിച്ചത്തിലൂടെയാണ് എക്സോപ്ലാനറ്റിനെ കണ്ടെത്തിയത്. 20 സെക്കൻഡ് മുതൽ 30 മിനിറ്റ് സമയം വരെ ദൃശ്യമാകുന്ന മാറ്റങ്ങളെയാണ് അവലോകനം ചെയ്തത്. കണ്ടെത്തിയതിൽ വച്ച് ഏറ്റവും അടുത്തുള്ളതും ഭൂമിയുടേതിന് സമാനമായി വലുപ്പവും ഊർജ്ജവുമുള്ള ഗ്രഹമാണ് കണ്ടെത്തിയതെന്ന് ടോക്കിയോയിലെ ആസ്ട്ര ബയോളജി സെന്ററിലെ പ്രൊജക്ട് അസിസ്റ്റൻ്റ് പ്രൊഫ. മസയുകി അഭിപ്രായപ്പെട്ടു.
ഇതിന് അന്തരീക്ഷമുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.107 ഡിഗ്രി ഫാരൻഹീറ്റാണ് ഉപരിതല ഊഷ്മാവായി കണക്കാക്കുന്നത്. ഉപരിതലത്തിൽ ജലം രൂപപ്പെടുന്നതിന് ആവശ്യമായ താപനില ഗ്രഹത്തിലുണ്ടോയെന്നും നാസ പഠിച്ചുവരികയാണ്. ഗ്രഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.ഒരാഴ്ച മുൻപ് മറ്റൊരു വാർത്തയും നാസ പുറത്തു വിട്ടിരുന്നു.നാസയുടെ സൈക്കി പേടകത്തില്‍ സ്ഥാപിച്ച ഡീപ്പ് സ്‌പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിന്ന് ആദ്യമായി ഭൂമിയിലേക്ക് സിഗ്നല്‍ ലഭിച്ചതായി നാസ അറിയിച്ചു. ശൂന്യാകാശത്ത് ഏകദേശം 22.6 കോടി കിമീ ദൂരെ നിന്നാണ് ഈ സിഗ്നല്‍ അയച്ചിരിക്കുന്നത്.
ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ ഒന്നര ഇരട്ടി അകലെയാണിത്.ലോഹ സാന്നിധ്യം ഏറെയുള്ള സൈക്കി എന്ന ഛിന്നഗ്രഹത്തെ പഠിക്കുക്കയെന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബറിലാണ് നാസ സൈക്കി പേടകം വിക്ഷേപിച്ചത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ആസ്റ്ററോയിഡ് ബെല്‍റ്റിലാണ് സൈക്കി സ്ഥിതി ചെയ്യുന്നത്.സൈക്കി പേടകത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ആശയവിനിമയ സാങ്കേതിക വിദ്യയാണ് ഡീപ്പ് സ്‌പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് (ഡിഎസ്ഒസി). നിലവിലുള്ള ആശയവിനിമയ സാങ്കേതിക വിദ്യകളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഈ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ദീര്‍ഘ ദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താനാണ് നീക്കം.എന്നാല്‍ നേരത്തെ തന്നെ ബഹിരാകാശ ദൗത്യങ്ങളില്‍ ഉപയോഗത്തിലുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയുള്ള ആശയവിനിമയ സംവിധാനത്തിലൂടെ തന്നെയാണ് പ്രധാനമായും സൈക്കി ഭൂമിയുമായി ആശയവിനിമയം നടത്തുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിന്ന് 22.6 കോടി കിലോമീറ്റര്‍ ദൂരെ നിന്ന് ഡാറ്റവിജയകരമായി ഭൂമിയിലേക്ക് അയക്കാന്‍ സാധിച്ചതാണ് നാസയുടെ പുതിയ നേട്ടം.
പേടകത്തില്‍ നിന്ന് നേരിട്ട് ലേസര്‍ പ്രകാശത്തിന്റെ സഹായത്തോടെ വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ ഇതുവഴി സാധിക്കും. നേരത്തെ നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്കിലെ റേഡിയോ ഫ്രീക്വന്‍സി സംവിധാനങ്ങള്‍ വഴി ഭൂമിയിലേക്ക് അയച്ച വിവരങ്ങളുടെ പകര്‍പ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ ലേസര്‍ കമ്മ്യൂണിക്കേഷന്‍ വഴി ഭൂമിയിലേക്ക് അയച്ചത്. ഏപ്രില്‍ എട്ടിനാണ് ഇത് ലഭിച്ചത്.ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയ്ക്ക് സമാനമായി ഫ്‌ലൈറ്റ് ലേസര്‍ ട്രാന്‍സ്സീവറിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് ഡൗണ്‍ലിങ്ക് ലേസര്‍ ഉപയോഗിച്ച് പരമാവധി 267 എംബിപിഎസ് നിരക്കില്‍ ടെസ്റ്റ് ഡാറ്റ കൈമാറാന്‍ കഴിയുമെന്ന് നാസയുടെ ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് ഡെമോണ്‍സ്ട്രേഷന്‍ നേരത്തെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, പേടകം ഇപ്പോള്‍ വളരെ അകലെയായതിനാല്‍, ഡാറ്റാ ട്രാന്‍സ്മിഷന്‍ നിരക്ക് കുറവാണ്. ഏപ്രില്‍ 8-ന് പരമാവധി 25 എംബിപിഎസ് വേഗത്തിലാണ് പേടകം ടെസ്റ്റ് ഡാറ്റ കൈമാറ്റം ചെയ്തത്. ഈ ദൂരത്തില്‍ 1 എംബിപിഎസ് വേഗമാണ് നാസ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം ലഭിച്ചു.
https://www.facebook.com/Malayalivartha