ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലും വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും അന്വേഷണം ശക്തം, അറസ്റ്റ് വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷണത്തില്‍ പൊലീസിന് മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ആരോപണ വിധേയരിലേക്ക് എത്തൂ. അറസ്റ്റുണ്ടായാല്‍ മാത്രമേ അന്വേഷണം നടക്കുന്നുള്ളൂ എന്ന ചിന്ത തെറ്റാണ്. കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകള്‍ പൂര്‍ണമായി ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.
ജലന്തര്‍ ബിഷപ്പിനെ ഇതുവരെ പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ ഡി.ജി.പി തയ്യാറായില്ല. കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയുള്ള അന്വേഷണവും യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഡി.ജി.പി പറഞ്ഞു.. തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഫാ.ജോബ് മാത്യുവിനെ അറസ്റ്റുചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡി.ജി.പി പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാല ബിഷപ്പ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, കുറവിലങ്ങാട് മെത്രാന്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം എടുക്കും. ജലന്തര്‍ വിട്ട് പോകരുതെന്ന് ബിഷപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കാനുള്ള ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കുമെന്ന് കോട്ടയം എസ്.പി അറിയിച്ചു. അതേസമയം ബിഷപ്പിനെ പിന്തുണച്ച് ജലന്തര്‍ രൂപത രംഗത്തെത്തി. തെറ്റായ ആരോപണങ്ങളുടെ പേരില്‍ ബിഷപ്പിനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























