കുട്ടി പ്രമേഹ രോഗികളുടെ മിഠായി പദ്ധതിയ്ക്കു പിന്നാലെ വയോജനങ്ങള്‍ക്കായി വയോമധുരവും

കുട്ടി പ്രമേഹരോഗികള്‍ക്ക് സൗജന്യചികിത്സയും ഇന്‍സുലിനും നല്‍കുന്ന സര്‍ക്കാരിന്റെ മിഠായി പദ്ധതിയ്ക്കു പിന്നാലെ മുതിര്‍ന്നവര്‍ക്കായി വയോമധുരവുമെന്ന സര്‍ക്കാരിന്റെ പദ്ധതിയ്ക്കു തുടക്കമാകുന്നു. 60 വയസ് കഴിഞ്ഞ പ്രമേഹരോഗികള്‍ക്ക് വീട്ടിലിരുന്ന് ഷുഗര്‍ പരിശോധിക്കുന്നതിനുള്ള ഗ്‌ളൂക്കോമീറ്റര്‍' ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. പേര് വയോമധുരം.
വയോജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന സായംപ്രഭ' പദ്ധതിക്കൊപ്പം മന്ത്രി കെ.കെ. ശൈലജ വയോമധുരവും ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതിവകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങളാണ് ഗുണഭോക്താക്കള്‍. നിലവില്‍ 800ഓളം പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ജില്ലയില്‍ 1000 പേര്‍ക്കുവീതം സംസ്ഥാനത്തൊട്ടാകെ, 14,000ത്തോളം വയോജനങ്ങള്‍ക്ക് ഗ്‌ളൂക്കോമീറ്റര്‍ നല്‍കുകയാണ് ലക്ഷ്യം.
പ്രമേഹരോഗിയാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുള്ള ബി.പി.എല്‍ ലിസ്റ്റില്‍പ്പെട്ടവര്‍ക്കെല്ലാം പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ വയോധികരില്‍ 85 ശതമാനത്തിനും പ്രമേഹമുണ്ടെന്ന് പഠനങ്ങള്‍ വന്നതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൗജന്യ പ്രമേഹ ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. 56 ലക്ഷംരൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്, ഗ്‌ളൂക്കോമീറ്ററും 25 പരിശോധനാ സ്ട്രിപ്പും ആദ്യഘട്ടത്തില്‍ നല്‍കും, പൊതുവിപണിയില്‍ കുറഞ്ഞത് അഞ്ഞൂറോളം രൂപ വിലയുണ്ടിതിന്, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡാണ് വിതരണക്കാര്‍, ഗ്‌ളൂക്കോമീറ്റര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും
വയോജനങ്ങള്‍ നിരവധി ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ' എന്ന പേരില്‍ നടപ്പാക്കാനൊരുങ്ങുന്നത്. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും വയോജന പരാതി പരിഹാര സെല്‍, അവഗണന നേരിടുന്നവരെ സംരക്ഷിക്കുന്നതിനായി സ്ഥിരം സമിതികള്‍, പല്ലുവച്ച് നല്‍കുന്നതിനായി മന്ദഹാസം പദ്ധതി, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് നിയമസഹായം തുടങ്ങിയ പദ്ധതികള്‍ 18ന് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha



























