അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ റോബര്‍ട്ട് ബര്‍ഗ്‌സ്, പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജെയിംസ് ഫ്‌ളുക്കൈര്‍ എന്നിവര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖല അടുത്തറിയുന്നതിനാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇതോടെപ്പം കേരളം അടുത്തിടെ വിജയകരമായി പ്രതിരോധിച്ച നിപ വൈറസ്, സംഘം വിലയിരുത്തി. മന്ത്രിയുടെ അമേരിക്കന്‍ ക്യാന്‍സര്‍ സെന്റര്‍, യൂണിവേഴ്‌സിറ്റി സന്ദര്‍ശനങ്ങളും ചര്‍ച്ചയായി.
ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ സംഘം അഭിനന്ദിച്ചു. മാതൃമരണ നിരക്കിലും ശിശുമരണ നിരക്കിലും കേരളം കൈവരിച്ച നേട്ടം അവര്‍ എടുത്തു പറഞ്ഞു. പ്രാഥമികാരോഗ്യ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനം അവര്‍ സൂക്ഷ്മമായി വിലയിരുത്തി. കുടുംബാരോഗ്യ രംഗത്ത് മഹത്തായ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും ചര്‍ച്ചയില്‍ അവര്‍ വ്യക്തമാക്കി.
സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയെ സംഘം പ്രത്യേകം അഭിനന്ദിച്ചു. ഇത് മാതൃകാപരമായ പദ്ധതിയാണെന്ന് അവര്‍ വ്യക്തമാക്കി. ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യമായി ചെയ്യാനാകുന്ന പദ്ധതിയാണിത്. ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി വളരെ ആശ്വാസമാണ്. ഇതുവരെ 400 ഓളം കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിവഴി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞിട്ടുണ്ട്.
വിജ്ഞാന വ്യാപനം, പരിശീലന പരിപാടികള്‍, ഗവേഷണം എന്നീ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളില്‍ സാങ്കേതികമായി ഒട്ടേറെ മുന്നിലുള്ള അമേരിക്കയുടെ അനുഭവപരിചയം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























