ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ ഈ മാസമാദ്യം വാക്സിനേഷൻ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗർഭാശയഗള അർബുദം പൂർണമായും തടയാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധതിയുടെ ഭാഗമാണിത്.
അർബുദപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് തുടങ്ങിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാംപെയ്‌നിന്റെ ഭാഗമായി ഇതിനോടകം 20 ലക്ഷത്തിലധികംപേരെ പരിശോധിച്ചു. അതിൽ മുപ്പതിനായിരത്തോളംപേരിൽ നടത്തിയ തുടർപരിശോധനയിൽ 84 പേർക്ക് ഗർഭാശയഗള അർബുദം സ്ഥിരീകരിച്ചു. 243 പേർക്ക് രോഗസാധ്യതയുണ്ടെന്നും കണ്ടു.
ഹ്യൂമൻ പാപ്പിലോമാ വൈറസിന്റെ സാന്നിധ്യമാണ് ഗർഭാശയഗള അർബുദത്തിനുള്ള പ്രധാന കാരണമായിട്ടുള്ളത്. കൗമാരക്കാരായ പെൺകുട്ടികൾക്ക് വാക്സിൻ നൽകുക വഴി വൈറസ് ബാധയെ പ്രതിരോധിക്കാനാകും. പരിശോധന നടത്തുന്നതിനുള്ള കാലതാമസവും സ്‌ക്രീനിങ് ക്യാമ്പുകളിൽ എത്തുന്നതിനുള്ള വൈമുഖ്യവുമാണ് രോഗം ഗുരുതരമാക്കുന്നത്.
" f
https://www.facebook.com/Malayalivartha
























