വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കിയ നടപടി റദ്ദാക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച ഹൈകോടതിയെ തീരുമാനം അറിയിക്കും എന്നായിരുന്നു അറിയിച്ചത്. കോടതി നിർദേശപ്രകാരം തെരഞ്ഞടുപ്പ് കമീഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിങ്ങിൽ വൈഷ്ണ സുരേഷും പരാതിക്കാരനായ ധനേഷ് കുമാറും കോർപറേഷൻ സെക്രട്ടറിയും ഹാജരായി.
വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റാനിടയാക്കിയ സാഹചര്യം വിശദീകരിക്കാൻ കോർപറേഷൻ സെക്രട്ടറിയോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ ആവശ്യപ്പെട്ടു. എന്നാൽ പേര് ഒഴിവാക്കിയതിൽ വ്യക്തമായ മറുപടി നൽകാൻ കോർപറേഷൻ സെക്രട്ടറിക്ക് കഴിഞ്ഞില്ല. തുടർന്ന് പരാതിക്കാരനായ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാറിനോടും കമീഷണർ പരാതിക്കാധാരമായ വിവരങ്ങൾ ചോദിച്ചു.
വോട്ടർ പട്ടികയിൽ വൈഷ്ണ സുരേഷിന്‍റെ പേരിനൊപ്പമുണ്ടായിരുന്നത് തെറ്റായ വീട്ടുനമ്പറാണെന്നും വ്യാജ ടി.സി നമ്പർ ഉപയോഗിച്ചാണ് വൈഷ്ണ പാസ് പോർട്ടും ലൈസൻസും സമ്പാദിച്ചതെന്നും ധനേഷ് കുമാർ ആരോപിച്ചു. എന്നാൽ ധനേഷ് കുമാറിന്‍റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ അതേ നമ്പറിൽ 25 പേർ വോട്ടർപട്ടികയിൽ ഉണ്ടെന്ന് പരാതി ലഭിച്ചതായി കമീഷണർ ചൂണ്ടിക്കാട്ടിയപ്പോൾ 25 അല്ല 28 പേരുണ്ടെന്നായിരുന്നു ധനേഷ് കുമാറിന്‍റെ മറുപടി. 2000ൽ മുട്ടട വാർഡ് രൂപവത്ക്കരിക്കുന്ന വേളയിൽ ഇറങ്ങിയ വോട്ടർ പട്ടികയിലണ് തന്‍റെയും ബന്ധുക്കളുടെയും വീട്ടുനമ്പർ ഒരുപോലെയായത്.
വീട്ടുപേരുകൾ വ്യത്യസ്തമായതുകൊണ്ടാണ് തിരുത്താൻ പോകാത്തതെന്നും താനായിട്ട് വോട്ടർപട്ടികയിൽ ആരുടെയും പേര് ചേർത്തിട്ടില്ലെന്നും ധനേഷ് കുമാർ അറിയിച്ചു. എങ്കിൽ എന്തുകൊണ്ട് ആദ്യം സ്വന്തം വീട്ടുനമ്പറിലെ തെറ്റ് തിരുത്തിയില്ലെന്ന് കമീഷണർ ചോദിച്ചപ്പോൾ അത് ചെയ്യേണ്ടത് കോർപറേഷനാണെന്നുമായിരുന്നു ധനേഷിന്‍റെ മറുപടി. തുടർന്ന് ബുധനാഴ്ച 12 മണിയോടെ തീരുമാനം അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. നിയമത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഉറച്ച വിശ്വാസമുണ്ടെന്നും ഹിയറിങ്ങിന് ശേഷം വൈഷ്ണ പറഞ്ഞു.
https://www.facebook.com/Malayalivartha

























