മനുഷ്യജീവന് വില നല്‍കാത്ത ഈ സര്‍ക്കാരാണ് രാജ്യത്തെ മികച്ചതെങ്കില്‍ അത് കണ്ടെത്തിയ പബ്ലിക് അഫയേഴ്‌സ് സെന്ററിനെ കുറിച്ച് സഹതപിക്കാനേ കഴിയൂ: വിഎം സുധീരന്‍

എന്താണ് ഈ അവാര്‍ഡിന്റെ മാനദണ്ഡം. മനുഷ്യജീവന് വില നല്‍കാത്ത ഈ സര്‍ക്കാരാണ് രാജ്യത്തെ മികച്ചതെങ്കില്‍ അത് കണ്ടെത്തിയ പബ്ലിക് അഫയേഴ്‌സ് സെന്ററിനെ കുറിച്ച് സഹതപിക്കാനേ കഴിയൂവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നമ്മുടെ കേരളത്തിന് നല്ല കാര്യങ്ങള്‍ക്ക് അംഗീകാരം കിട്ടുന്നത് നമുക്കെല്ലാം സന്തോഷപ്രദമാണെന്നും എന്നാല്‍ ഭരണനിര്‍വഹണ മികവില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന കണ്ടെത്തല്‍ ഈ നാട്ടില്‍ ജീവിക്കുന്ന ഏവരും അത്ഭുതത്തോടെയാണ് നോക്കിക്കാണുകയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
നമ്മുടെ കേരളത്തിന് നല്ല കാര്യങ്ങള്‍ക്ക് അംഗീകാരം കിട്ടുന്നത് നമുക്കെല്ലാം സന്തോഷപ്രദമാണ്. എന്നാല്‍ ഭരണനിര്‍വഹണ മികവില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന കണ്ടെത്തല്‍ ഈ നാട്ടില്‍ ജീവിക്കുന്ന ഏവരും അത്ഭുതത്തോടെയാണ് നോക്കിക്കാണുക. അതിലേറെ ഞെട്ടലോടെയും. പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ്.
അന്ധമായ രാഷ്ട്രീയതിമിരം ബാധിക്കാത്ത ഏവരും ചിന്തിക്കുന്നത് ഇപ്പറഞ്ഞത് നമ്മുടെ കേരളത്തിലെ സ്ഥിതിയെ കുറിച്ച് തന്നെയാണോ എന്നതാണ്. ഒരു സര്‍ക്കാരിന്റെ ഭരണമികവിന്റെ അടിസ്ഥാനം സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലാണ് നിലകൊള്ളുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിയമസമാധാന പാലനം ഇതില്‍പരം ഇനി തകരാനുണ്ടോ? അതാണ് സാധാരണക്കാരുടെ ചോദ്യം. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സിപിഎമ്മും കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയും ആളെ കൊല്ലുന്നതിലാണ് മത്സരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് കേരളത്തെ ഒന്നടങ്കം കരയിച്ച ഷുഹൈബിന്റെയും അഭിമന്യുവിന്റെയും ദാരുണവും ഭീകരവുമായ കൊലപാതകങ്ങള്‍. ഇതുപോലൊരു അവസ്ഥ ആര്‍ക്കെങ്കിലും കണ്ടില്ലെന്ന് നടിക്കാനാകുമോ?
ക്രമസമാധാനം പാലിക്കാനും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും ബാധ്യതപ്പെട്ട സംസ്ഥാന പൊലീസ് നടത്തിവരുന്ന അതിക്രമ പരമ്പരകള്‍ ലോക്കപ്പ് കൊലപാതകത്തില്‍ വരെ എത്തി. വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് കേരളത്തിന് അപമാനകരമെന്ന് പറഞ്ഞത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണല്ലോ. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട പൊലീസ് സേനയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയല്ലേ കേരളത്തിലുള്ളത്? ഒരുഭാഗത്ത് അതിക്രമം മറുഭാഗത്ത് പക്ഷപാതപരമായ പ്രവര്‍ത്തനം. പിന്നെയാകട്ടെ കാര്യപ്രാപ്തിയില്ലായ്മ. എല്ലാം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് തന്നെ തികഞ്ഞ പരാജയമായി മാറി. അഴിമതി നിരോധന സംവിധാനമായ വിജിലന്‍സിനെ അപ്പാടെ നിഷ്‌ക്രിയമാക്കി. കള്ളക്കളികളിലൂടെ വിജിലന്‍സ് കേസുകളൊക്കെ അട്ടിമറിക്കപ്പെട്ടു.
നിയമവാഴ്ച ഉറപ്പുവരുത്തുന്ന മുഖ്യമന്ത്രി തന്നെ നിയമലംഘകരായ ഉന്നതരുടെ രക്ഷകനായി മാറി. തോമസ് ചാണ്ടി, പിവി അന്‍വര്‍, ജോയ്‌സ് ജോര്‍ജ്, കെബി ഗണേഷ് കുമാര്‍, എഡിജിപി സുധേഷ് കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ ഭരണകൂടം അവരോടൊപ്പം നിന്ന് നിയമങ്ങളെ നോക്കുകുത്തിയാക്കുന്നതിനും കേരളം സാക്ഷിയായി. വന്‍കിട ഭൂമികൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ വക ഒത്താശ. ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ തത്സ്ഥാനത്ത് വെച്ചുവാഴിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. നിയമവിരുദ്ധമായും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഹാരിസണ്‍, ടാറ്റ, എവിടി, ടിആര്‍ ആന്റ് ടി തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഹാരിസണ്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്തു.
പൈതൃക സമ്പത്തായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് അടിയറവെച്ചു. സ്വാശ്രയ മെഡിക്കല്‍ കൊള്ളക്കാര്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തി പരിഹാസ്യമായി. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി നെല്‍വയല്‍തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചു. നാടെങ്ങും മദ്യമൊഴുക്കി കേരളത്തെ സാമൂഹിക അരാജകത്വത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവ് പ്രകടമായത് ഇക്കാര്യത്തില്‍ മാത്രമാണ്. ഭരണത്തിലെ സുതാര്യതയെ കുറിച്ച് അധികാരത്തില്‍ വരുന്നതിനു മുമ്പ് ഏറെ വാചാലമായിരുന്നവര്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. പറയാനാണെങ്കില്‍ ഇനിയുമേറെയുണ്ട്. എങ്കിലും ചുരുക്കുന്നു.
ജനജീവിതം ദുരിതത്തിലാഴ്ത്തിയ പ്രകൃതിക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. സമാനതകളില്ലാത്ത ഓഖി ദുരന്തം, കട്ടിപ്പാറയിലെയും കോടഞ്ചേരിയിലെയും ഉരുള്‍പൊട്ടല്‍, ഇപ്പോള്‍ കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടെ വ്യാപകമായി ഉണ്ടായ പ്രകൃതിക്ഷോഭം ഇതിലെല്ലാം പെട്ടവര്‍ക്ക് മതിയായ ആശ്വാസ നടപടികള്‍ എത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ കഴിവുകേട് കൃത്യമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഒരു സര്‍ക്കാരിന്റെ സാന്നിധ്യം പോലും ജനങ്ങള്‍ക്ക് അനുഭവപ്പെടാത്ത ഇതുപോലൊരു ദുരവസ്ഥ മുമ്പെങ്ങും ഉണ്ടായിട്ടില്ല. ശക്തമായ മാധ്യമ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചലിക്കാന്‍ തുടങ്ങിയത് തന്നെ.
മനുഷ്യജീവന് വില നല്‍കാത്ത മനുഷ്യത്വം തെല്ലും സ്പര്‍ശിക്കാത്ത ആത്മാര്‍ത്ഥതയുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ സര്‍ക്കാരാണ് രാജ്യത്തെ മികച്ചതെങ്കില്‍ അത് കണ്ടെത്തിയ പബ്ലിക് അഫയേഴ്‌സ് സെന്ററിനെ കുറിച്ച് സഹതപിക്കാനേ കഴിയൂ, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























