സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ വധശിക്ഷാ വിധി പാഠമാകേണ്ടത് ക്യാമ്പിലെ പോലീസുകാർക്ക്

ഉദയകുമാർ കൊലക്കേസിലെ വധശിക്ഷ എ ആർ , എസ്.എ.പി ക്യാമ്പുകളിലെ പോലീസുകാർക്ക് പാഠമായി തീരുമെന്നാണ് നിയമവൃത്തങ്ങൾ കരുതുന്നത്. ഉദയകുമാർ കൊലക്കേസിൽ വധശിക്ഷ കിട്ടിയ ശ്രീകുമാറും ജിതനും സംഭവം നടക്കുമ്പോൾ എ.ആർ.ക്യാമ്പിലെ പോലീസുകാർ ആയിരുന്നു. ഉരുട്ടിയും പിരട്ടിയും പ്രതികളെ കൊല്ലുന്ന ക്യാമ്പിലെ പോലീസുകാർക്ക് ഉദയകുമാർ വധക്കേസിലെ വിധി പാഠമായി തീരണമെന്ന് കേരളം ആഗ്രഹിക്കുന്നു.
വരാപ്പുഴയിൽ ശ്രീജിത്തിനെ കൊലപ്പെടുത്തിയതും ക്യാമ്പിലെ പോലീസുകാരാണ്. യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് ക്യാമ്പിലെ പോലീസുകാർ പ്രവർത്തിക്കുന്നത്. പ്രതികളെ പിടിക്കാനും മറ്റുമായി ലോക്കൽ പോലീസിനെ സഹായിക്കാൻ ക്യാമ്പിലെ പോലീസുകാരെ നിയോഗിക്കാറുണ്ട്.
സി ഐ, എ സി, എസ് പി തുടങ്ങിയ ഉദ്യോഗസ്ഥരുടെ സ്ക്വാഡിൽ പ്രവർത്തിക്കുന്നതും ക്യാമ്പിലെ പോലീസുകാരാണ്. ക്യാമ്പിലെ ഏകാന്തതക്കും മറ്റും ലോക്കൽ പോലീസിൽ എത്തുന്നതോടെ ക്യാമ്പിലെ പോലീസുകാർ സ്വതന്ത്രരാകും. ലോക്കലിലെ ഉദ്യോഗസ്ഥരെ സഹായിക്കാനായിരിക്കും ഇവരെ നിയോഗിക്കുക, എന്നാൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതൊന്നും ഇവർ അംഗീകരിക്കാറില്ല. ഇത്തരക്കാരെ മേലുദ്യോഗസ്ഥരുടെ സ്ക്വാഡിൽ നിയമിക്കുകയാണെങ്കിൽ ഒന്നും പറയുകയും വേണ്ട.
ഉദയകുമാർ കേസ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ക്വാഡ് സമ്പ്രദായത്തിന് അന്ത്യം കുറിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വരാപ്പുഴ സംഭവത്തിൽ ശ്രീജിത്തിനെ കൊന്നത് സ്ക്വാഡിലെ പോലീസുകാരാണ്. സംസ്ഥാനത്ത് എസ് ഐ മുതലുള്ള ഉദ്യോഗസ്ഥർക്ക് സ്ക്വാഡുകൾ ഉണ്ട്. അവരാണ് പ്രതികളെ പിടിക്കുന്നത്. പ്രതികളെ കൊല്ലുന്നതും അവർ തന്നെയാണ്.
ശ്രീജിത്ത് സംഭവത്തിനു ശേഷം സ്ക്വാഡുകൾ പിരിച്ചുവിടുമെന്ന് കേട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇത്തരം ചില ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. സ്ക്വാഡുകൾ ഇല്ലാതാക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ തയ്യാറല്ല. ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യവശ്യങ്ങൾക്കായി സ്ക്വാഡിനെ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഉയർന്ന ഉദ്യോഗസ്ഥർ സ്ക്വാഡിനൊപ്പം പോകാറില്ല. അതു കൊണ്ടു തന്നെ സ്ക്വാഡിന്റെ ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ നടത്തുന്നത്. ഇവർക്കിടയിൽ അഴിമതിയും വ്യാപകമാണ്. പണം കൊടുത്താൽ പ്രതിയല്ലാതാക്കുന്ന സ്ക്വാഡുകളും നിലവിലുണ്ട്.
സർവീസിലെത്തുന്ന യുവാക്കളാണ് പലപ്പോഴും എ ആർ ക്യാമ്പുകളിൽ നിയമിതരാകുന്നത്. പുതുതായി ജോലി ലഭിച്ചതിന്റെ അഹങ്കാരമായിരിക്കും ഇക്കൂട്ടർക്കുള്ളത്. ഉയർന്ന ഉദ്യോഗസ്ഥരുടെ സ്ക്വാഡിൽ വരുന്നതോടെ അഹങ്കാരം വർധിക്കും. എന്തും ചെയ്യാനുള്ള ലൈസൻസാണ് കാക്കിയെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. ഉദയകുമാർ വിധി ഒരു പാഠമായാൽ നന്ന്.
https://www.facebook.com/Malayalivartha






















