കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് 2310 കോടി രൂപയാണ് ചെലവ്.
മധ്യതിരുവിതാംകൂറില്‍ മഴ മാറി വെള്ളം ഇറങ്ങുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതി, മകന്‍ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ മുനീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ഈ കുടുംബങ്ങള്‍ക്ക് നേരത്തെ രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നു. വൃത്തിഹീനമായ തൊഴില്‍ചെയ്യുമ്പോള്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതനുസരിച്ചാണ് ബാക്കി എട്ടു ലക്ഷം രൂപ കൂടി അനുവദിക്കുന്നത്.
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഏകീകൃത നിരക്കില്‍ വേതനം നശ്ചയിച്ചു. 2018 ഏപ്രില്‍ ഒന്നു മുതല്‍ 50,000 രൂപ പ്രതിമാസം വേതനം നല്‍കാനാണ് തീരുമാനം. ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും റോഡിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് എല്ലാ അനുമതികളും ലഭ്യമാക്കാന്‍ ഏകജാലക വെബ്‌പോര്‍ട്ടല്‍ ഏര്‍പ്പെടുത്താന്‍ ഐടി മിഷനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കേബിള്‍ ഇടാന്‍ അനുമതി ചോദിക്കുന്ന കമ്പനി തന്നെ റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha






















