കേരളത്തിലെ വെള്ളപ്പൊക്ക കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക്

കേരളത്തിലെ വെള്ളപ്പൊക്ക കെടുതി 'കടുത്ത ദുരന്ത'മായി കണക്കാക്കി സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സഹായത്തിന്റെ തോത് നിശ്ചയിക്കാന്‍ കേന്ദ്രസംഘത്തെ ഈയാഴ്ച തന്നെ കേരളത്തിലേക്ക് അയക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉന്നതതല സമിതി സഹായത്തുക നിശ്ചയിക്കും. പ്രകൃതിക്ഷോഭത്തെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ദീര്‍ഘചര്‍ച്ചക്കുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഈ ഉറപ്പുനല്‍കിയത്.
എന്നാല്‍, കെടുതിയുടെ രീതിയും ഗൗരവവും പരിഗണിച്ച് കേന്ദ്രസഹായത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന കേരള എം.പിമാരുടെ ആവശ്യങ്ങളില്‍ ഉറപ്പൊന്നുമില്ല. കേന്ദ്രം മതിയായ സഹായം നല്‍കിയില്ലെന്ന വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. 80 കോടി രൂപ ഇതിനകം അനുവദിച്ചത് അടിയന്തര ദുരിതാശ്വാസ സഹായം എന്ന നിലക്കാണ്. ദീര്‍ഘകാല പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം മറ്റൊന്നാണ്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടു പ്രകാരമാണ് അത് നിശ്ചയിക്കുക.
ഒരു സംസ്ഥാനത്തോടും വിവേചനം കാട്ടില്ല. മാനദണ്ഡം അനുസരിച്ച് സഹായം നല്‍കും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉടനടി തന്റെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ മനസ്സിലാക്കി, അതനുസരിച്ചാണ് കടുത്ത ദുരന്തമായി വെള്ളപ്പൊക്ക കെടുതിയെ കാണുന്നത്. വെള്ളപ്പൊക്ക കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല. അതിന് ഏറ്റവുമടുത്ത ഗൗരവം നല്‍കുകയാണ് കടുത്ത ദുരന്തമായി കണക്കാക്കുന്നതിലൂടെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര ജോയന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, നിതി ആയോഗ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട കേന്ദ്രസംഘം 10 ദിവസത്തിനകം കേരളത്തിലെത്തുമെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. കെടുതിയുടെ രൂക്ഷത കുറഞ്ഞശേഷം പഠിക്കാന്‍ വരുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈയാഴ്ച തന്നെ സംഘത്തെ അയക്കുമെന്ന് മന്ത്രി അറിയിച്ചത്.കെടുതിയുടെ സാഹചര്യങ്ങള്‍ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം കേന്ദ്രം പ്രവര്‍ത്തിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പാകത്തില്‍ തയാറായിനില്‍ക്കാന്‍ ദുരന്തനിവാരണ സേന, സൈന്യം എന്നിവയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ല ഭരണകൂടം നല്ല പ്രവര്‍ത്തനമാണ് വിവിധ സ്ഥലങ്ങളില്‍ നടത്തുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടു. കടലാക്രമണം, കുട്ടനാട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി കേന്ദ്രസഹായ മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന് കേരള എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. 831 കോടി രൂപയുടെ കേന്ദ്രസഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിവേദനത്തെക്കുറിച്ചും മറുപടിയുണ്ടായില്ല. ഓഖി ദുരന്തശേഷം കേന്ദ്രസഹായം ഇനിയും കിട്ടിയില്ലെന്ന വാദം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു.169.63 കോടി രൂപ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















